ഹൈദരാബാദ്: സിപിഎം 22ാം പാർട്ടി കോൺഗ്രസിൽ കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുളള ചർച്ച മുറുകി. ഇന്ന് കരട് രേഖ അവതരിപ്പിച്ച പ്രകാശ് കാരാട്ട് കോൺഗ്രസുമായി യാതൊരു സഖ്യവും സാധ്യമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കോൺഗ്രസ് ബൂർഷ്വാ-ഭൂപ്രഭു പാർട്ടിയാണെന്ന് കാരാട്ട് കുറ്റപ്പെടുത്തി.

കോൺഗ്രസുമായി സഹകരണം ആകാമെന്ന് വാദിക്കുന്ന യെച്ചൂരി പക്ഷത്തിന്റെ നിലപാട് ന്യൂനപക്ഷാഭിപ്രായം മാത്രമാണെന്നും കരട് രേഖ അവതരിപ്പിച്ചുകൊണ്ട് പ്രകാശ് കാരാട്ട് പറഞ്ഞു. രാഷ്ട്രീയ നയവും അടവുനയവും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തന്നെ ബിജെപിയെ തോൽപ്പിക്കാൻ സിപിഎം വ്യക്തമായ നയം സ്വീകരിച്ചിട്ടുണ്ടെന്നും ഇതാണ് കർണ്ണാടകത്തിൽ സ്വീകരിച്ചിരിക്കുന്നതെന്നും സിപിഎം പറഞ്ഞു.

കോൺഗ്രസ് ബന്ധത്തെ ചൊല്ലി കാരാട്ടിന്റെ കരട് രേഖയുമായി ബന്ധപ്പെട്ട് കേന്ദ്രകമ്മിറ്റിയിൽ ഉയർന്ന വിയോജനക്കുറിപ്പുകൾ യെച്ചൂരി അവതരിപ്പിക്കുന്നുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ യെച്ചൂരി അവതരിപ്പിച്ച അടവുനയം നേരത്തേ കേന്ദ്രകമ്മിറ്റിയിലെ വോട്ടെടുപ്പിൽ പരാജയപ്പെട്ടിരുന്നു.

എന്നാൽ പാർട്ടി കോൺഗ്രസിൽ തങ്ങളുടെ നിലപാടിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചേക്കുമെന്ന പ്രതീക്ഷയാണ് യെച്ചൂരിക്കും അദ്ദേഹത്തിന് ശക്തമായ പിന്തുണ നൽകുന്ന ബംഗാൾ ഘടകത്തിനും ഉളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ