ചൊവ്വാഴ്ച് നടന്ന വെടിവെയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട പശ്ചിമ ബംഗാളിലെ ഭംഗോറിലെ കർഷക പ്രക്ഷോഭസ്ഥലത്തേയ്ക്കു പോയ സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍.രാമചന്ദ്രനെ കാണാതായി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ മമതാ ബാനര്‍ജിയുടെ സര്‍ക്കാരിനെതിരായി സിപിഐ (എംഎൽ) റെഡ്സ്റ്റാറിന്റെ നേതൃത്വത്തിലുള്ള കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായാണ് അദ്ദേഹം കൊൽക്കത്തയ്ക്ക് യാത്രതിരിച്ചത്. ലഖ്നൗവിൽ നിന്നും പുറപ്പെട്ട കെ.എൻ.രാമചന്ദ്രൻ ഞായറാഴ്ച വൈകിട്ട് കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. വൈകുന്നേരം 5.31 ന് അദ്ദേഹം സുഹൃത്തിനെ വിളിച്ച് വീട്ടിലേയ്ക്കുള്ള വഴി ചോദിച്ചിരുന്നു. ട്രെയിൻ 80 മിനിറ്റോളം വൈകിയാണ് ഓടിയിരുന്നത്. ഇതിനുശേഷം അദ്ദേഹത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

കര്‍ഷക സമരത്തെ അടിച്ചമര്‍ത്തുന്ന നിലപാട് സ്വീകരിക്കുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായാണ് സംശയിക്കുന്നതെന്നും സുഹൃത്തുക്കളും സഹപ്രവർത്തകരും സംശയിക്കുന്നു. കസ്റ്റഡിയിലെടുത്തു എന്ന ആരോപണത്തെ പൊലീസ് നിഷേധിച്ചു. സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി കെ.എന്‍.രാമചന്ദ്രനെ കാണാതായതായി അറിയിപ്പ് പുറത്തിറക്കി.

പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ഭംഗോറില്‍ ഭൂമി ഒഴിപ്പിക്കലിനിടയില്‍ കര്‍ഷകരുമായി ബുധനാഴ്ച സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയയും എട്ട് പേരെ കാണാതാകുകയും ചെയ്തിരുന്നു. മൊഫിഗുള്‍ ഖാൻ (26) ആലംഗിര്‍ മൊള്ള (22) എന്ന വിദ്യാര്‍ഥിയുമാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായി കൊൽക്കത്തയിൽ എത്തിയതായിരുന്നു കെ.എന്‍.രാമചന്ദ്രന്‍.

സിംഗൂരിലും നന്ദിഗ്രാമിലും ഭൂമിയേറ്റെലുടക്കലിനെതിരെ നടന്ന സമരങ്ങളുടെ പിന്തുണയിലാണ് ഇടതുപക്ഷ സർക്കാരിനെ അട്ടിമറിച്ച് മമത അധികാരത്തിലെത്തുന്നത്. ഭംഗോറില്‍ നടക്കുന്ന സമരത്തിനെതിരെയും അതേ അടിച്ചമർത്തലുമാണെന്നാണ് ആരോപണം. സര്‍ക്കാരിന്റെ ഭൂമിഏറ്റെടുക്കലിനെതിരായ പ്രക്ഷോഭത്തില്‍ ഗ്രാമവാസികള്‍ അണിനിരന്നതോടെ പൊലീസ് ഉരുക്കുമുഷ്ടി പ്രയോഗിക്കുകയായിരുന്നുവെന്നൂം റെഡ്സ്റ്റാർ ആരോപിക്കുന്നു. വൈദ്യുതി സബ്സ്റ്റേഷൻ നിർമാണത്തെ എതിര്‍ത്ത് പ്രതിഷേധവുമായെത്തിയ കര്‍ഷകരെ പൊലീസ് ലാത്തിയും കണ്ണീര്‍വാതകവും ഉപയോഗിച്ച് നേരിട്ടതോടെയാണ് സംഘര്‍ഷം വെടിവയ്പില്‍ കലാശിച്ചത്. ഈ സമരത്തിന് നേതൃത്വം നല്‍കുന്നത് സിപിഐ(എംഎല്‍) റെഡ് സ്റ്റാറാണ്.

പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഊര്‍ജ്ജ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ ഒക്ടോബര്‍ മുതല്‍ കര്‍ഷകര്‍ പ്രക്ഷേഭത്തിലാണ്. 2013ല്‍ ഭൂമി മാര്‍ക്കറ്റ് വില നല്‍കാതെയാണ് ഏറ്റെടുത്തു എന്ന് ആരോപിച്ചാണ് ഭൂമി തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രതിഷേധമുയര്‍ത്തിയത്. പദ്ധതി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ പ്രതിഷേധത്തിന് മുന്‍പന്തിയില്‍ നിന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ പ്രക്ഷോഭംശക്തിപ്പെടുകായായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ