scorecardresearch
Latest News

സിപിഐ മാവോയിസ്റ്റ് യുഎസ് ഭീകര പട്ടികയിൽ; തീവ്രവാദ ആക്രമണങ്ങളിൽ ഇന്ത്യ നാലാമത്

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഭീകരാക്രമണങ്ങളില്‍ 26 ശതമാനവും സിപിഐ മാവോയിസ്റ്റ് നടത്തിയതെന്നാണു റിപ്പോര്‍ട്ടിലുള്ളത്

maoist, naxal

ന്യൂഡൽഹി: സിപിഐ മാവോയിസ്റ്റിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. നിലവിൽ ഭീകരസംഘടനകളിൽ ആറാം സ്ഥാനത്താണ് സിപിഐ മാവോയിസ്റ്റ്. 2018ൽ 117 ആക്രമണങ്ങളിലായി 311 പേരെ കൊലപ്പെടുത്തി. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പട്ടികയിൽ ഒന്നാം സ്ഥാനത്ത് താലിബാനാണ്. ഐഎസ്, അല്‍ ഷഹാബ് (ആഫ്രിക്ക) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. 2018ലെ ഭീകരാക്രമണങ്ങള്‍ പരിഗണിച്ചുള്ള റിപ്പോര്‍ട്ടാണ് അമേരിക്ക ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷമുണ്ടായ ഭീകരാക്രമണങ്ങളില്‍ 26 ശതമാനവും സിപിഐ മാവോയിസ്റ്റ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

തീവ്രവാദ ആക്രമണങ്ങളുടെ കാര്യത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ തീവ്രവാദ ആക്രമണങ്ങളില്‍ 971 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ ഛത്തീസ് ഗഡാണ് തീവ്രവാദആക്രമണങ്ങളുടെ കാര്യത്തില്‍ മുമ്പിലുള്ളത്. തൊട്ടുപിന്നിൽ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരാണ്. ജമ്മു കശ്മീരിൽ മാത്രം 57 ശതമാനം തീവ്രവാദ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

177 സംഭവങ്ങളിലായി 311 പേരെ സിപിഐ മാവോയിസ്റ്റ് സംഘടന കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം, നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലാൻഡ്, ഐഎസ് ജമ്മു കശ്മീര്‍ തുടങ്ങിയ സംഘടനകള്‍ ഇന്ത്യയില്‍ സജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചും ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും ഭീകരവാദം ബാധിച്ചിട്ടുണ്ടെന്നാണ് യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട്.

ലോകത്ത് ഭീകരവാദം ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഖ് എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Cpi maoist sixth terror outfit in the world says us state department report