യുഎഇയുടെ സഹായം നിഷേധിക്കുകയാണെങ്കില്‍ കേരളം ആവശ്യപ്പെട്ട 2,600 കോടി അനുവദിക്കൂ: കേന്ദ്രത്തോട് സിപിഐ

നേരത്തെ ഇത്തരം സാഹചര്യത്തില്‍ അയല്‍ രാഷ്ട്രങ്ങളായ നേപ്പാളിനെയും ബംഗ്ലാദേശിനേയും ഇന്ത്യ സഹായിച്ചിരുന്നു എന്ന കാര്യവും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഓര്‍മിപ്പിച്ചു.

ന്യൂഡല്‍ഹി : യുഎഇ സര്‍ക്കാര്‍ അനുവദിച്ച 2,600 കോടിയുടെ ധനസഹായം നിഷേധിക്കുകയാണ് എങ്കില്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ട 2,600 കോടിയുടെ അടിയന്തര ധനസഹായം ഉടന്‍ അനുവദിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. വിദേശ സഹായം സ്വീകരിക്കാന്‍ പാടില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് സിപിഐയുടെ ആവശ്യം.

പ്രകൃതി ദുരന്തത്തിന്റെ സമയത്ത് വന്ന വിദേശ സഹായത്തെ നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ ‘ദുരഭിമാനം’ എന്നാണ് സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വിശേഷിപ്പിച്ചത്. രാജ്യം ഒരു പ്രകൃതി ദുരന്തത്തെ അഭിമുഖീകരിക്കുന്ന വേളയില്‍ മറ്റ് രാഷ്ട്രങ്ങള്‍ സഹായ ഹസ്തവുമായി വരുന്നത് സ്വാഭാവികമാണ്. നേരത്തെ ഇത്തരം സാഹചര്യത്തില്‍ അയല്‍ രാഷ്ട്രങ്ങളായ നേപ്പാളിനെയും ബംഗ്ലാദേശിനേയും ഇന്ത്യ സഹായിച്ചിരുന്നു എന്ന കാര്യവും സുധാകര്‍ റെഡ്ഡി ഓര്‍മിപ്പിച്ചു. പാക്കിസ്ഥാനില്‍ ഭൂചലനം ഉണ്ടായിരുന്നപ്പോഴും ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിരുന്നു.

” ഇത്തരം സാഹചര്യങ്ങളില്‍ യുഎന്‍ഒയോ യുഎഇയോ ആര് തന്നെയായാലും നിരുപാധികം സഹായമാണ് നല്‍കുന്നത് എങ്കില്‍ നമ്മള്‍ സ്വീകരിക്കേണ്ടതായുണ്ട്. ” സുധാകര്‍ റെഡ്ഡി പിടിഐയോട് പറഞ്ഞു.

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്കൃഷ്ണനും സമാനമായ നിലപാട് പങ്കുവച്ചിരുന്നു. വിദേശ സഹായം സ്വീകരിക്കാന്‍ പാടില്ല എന്നാണ്‌ കേന്ദ്ര നിലപാടെങ്കില്‍ വാഗ്‌ദാനം ചെയ്‌ത തുകയ്‌ക്ക്‌ തത്തുല്യമായ തുക അധികമായി കേരളത്തിന് അനുവദിക്കാന്‍ കേന്ദ്രഗവണ്‍മെന്റ്‌ സന്നദ്ധമാകണമെന്നാണ് കോടിയേരി പറഞ്ഞത്. വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തോടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അവഗണനയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിക്കുകയുണ്ടായി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cpi general secretary sudhakar reddy uae aid 7000 crore

Next Story
ഞങ്ങളുടെ വേദനയില്‍ സഹായമായി അവരുണ്ടായിരുന്നു, ഇത് ഞങ്ങളുടെ അവസരമാണ്: കേരളത്തെ സ്‌നേഹിച്ച് കശ്‌മീര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com