ന്യൂഡല്‍ഹി: സിപിഐ നേതാവും ജെഎന്‍യു മുന്‍ സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തളളി പാര്‍ട്ടി നേതൃത്വം. അനാവശ്യമായ അഭ്യൂഹങ്ങളാണ് നിലനില്‍ക്കുന്നതെന്നും പാര്‍ട്ടിക്കെതിരായ ഹീന പ്രചാരണമാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യം കനയ്യ തന്നെ സ്ഥിരീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനയ്യ കുമാര്‍ കഴിഞ്ഞ വ്യാഴാഴ്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കോണ്‍ഗ്രസിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കനയ്യ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. കനയ്യയെ പാര്‍ട്ടിയിലെത്തിക്കാനായാല്‍ കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
കോൺഗ്രസിന്റെ ചില നേതാക്കളെങ്കിലും കനയ്യയുടെ ഭൂതകാലം പാർട്ടിക്ക് ഒരു ഭാരമാകാന്‍ ഇടയുണ്ടെന്ന് വിശ്വസിക്കുന്നത് മറ്റൊരു കാര്യമാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ പാർട്ടിയുടെ പട്ന ഓഫീസിലുണ്ടായ പ്രശ്നത്തിന്റെ പേരില്‍ കനയ്യക്കെതിരെ സിപിഐ അച്ചടക്ക നടപടി സ്വീകരിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. കനയ്യക്ക് പുറമെ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.