ഹൈദരാബാദ്: നാലോ അഞ്ചോ വര്‍ഷത്തിനിടയില്‍ സിപിഐയും സിപിഎമ്മും ഏകീകരിച്ചേക്കുമെന്ന് സിപിഐ ജനറല്‍സെക്രട്ടറി സുരവരം സുധാകര്‍ റെഡ്ഡി.
1964 കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിഭജിക്കാന്‍ ഇടയായ സാഹചര്യങ്ങളല്ല ഇന്നുള്ളത്. അതിനാല്‍ തന്നെ ഇരുപാര്‍ട്ടികള്‍ക്കും ഒന്നാവാനുള്ള സാധ്യതയുണ്ട് എന്നാണ് സിപിഐ ജനറല്‍സെക്രട്ടറി പറയുന്നത്.
” ഇരുപാര്‍ട്ടികളുടേയും ഏകീകരണം ഇന്ന് അഭികാമ്യമാണ്. അല്ലെങ്കില്‍ രണ്ടു പാര്‍ട്ടികളും അതിന്‍റെ ഭവിഷ്യത്ത് അനുഭവിക്കും. ഈ കാലത്ത് ഇടതുപക്ഷ മുന്നേറ്റം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ തന്നെ ഇരുപാര്‍ട്ടികളും വെവ്വേറെയായി ഒരേ പ്രവര്‍ത്തനം ചെയ്യേണ്ടതില്ല. നമ്മള്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത് എങ്കില്‍ മെച്ചപ്പെട്ട ഫലമുണ്ടാവും. എല്ലാം ഒരൊറ്റ രാത്രികൊണ്ട് മാറിമറയും എന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ തീര്‍ച്ചയായും മെച്ചപ്പെട്ട ഫലമുണ്ടാവും ” സുധാകര്‍ റെഡ്ഡി പിടിഐയോട് പറഞ്ഞു.
മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുക ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ ഇരുപാര്‍ട്ടികളും ഇപ്പോള്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ സുധാകര്‍ റെഡ്ഡി. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല” എന്നും പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണത്തിന് സിപിഎമ്മില്‍ നിന്നും പോസിറ്റീവായ സൂചനകള്‍ ലഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. “എന്നാല്‍ ഇന്നുവരെ സിപിഎം നേതാക്കള്‍ ഇതുസംബന്ധിച്ച് സിപിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ല.” സുധാകര്‍ റെഡ്ഡി അറിയിച്ചു.
എന്താണ് ഇരുപാര്‍ട്ടികളുടേയും ഏകീകരണം വൈകിപ്പിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അത് സിപിഎം ആണ് പറയേണ്ടത് എന്നായിരുന്നു സിപിഐ ജനറല്‍സെക്രട്ടറിയുടെ മറുപടി.
എന്തിരുന്നാലും ഇരുപാര്‍ട്ടികളും രണ്ടായി പ്രവര്‍ത്തിക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ അപ്രസക്തമാണ് എന്നു പറഞ്ഞ സുധാകര്‍ റെഡ്ഡി. ചൈനയേയും റഷ്യയേയും ചൊല്ലി ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസവും ചൂണ്ടിക്കാട്ടി.
അഭ്യന്തരവിഷയങ്ങളിലും ഇരുപാര്‍ട്ടികളും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസമില്ല എന്ന് പറഞ്ഞ സുധാകര്‍ റെഡ്ഡി. ഏകീകൃത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള ചര്‍ച്ചകള്‍ അടുത്ത വര്ഷം നടന്നേക്കാം എന്നും “ഇരുപാര്‍ട്ടികളുടെയും പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം നടക്കുന്നുണ്ട്. അതിനാല്‍ തന്നെ അത്തരത്തിലൊരു ചര്‍ച്ച അടുത്ത വര്ഷം നടന്നേക്കാം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.” സുധാകര്‍ റെഡ്ഡി പറഞ്ഞു.
എത്രകാലത്തിനുള്ളില്‍ ഏകീകൃത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വരും എന്നാരാഞ്ഞപ്പോള്‍ ” നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ അത് നടന്നേക്കും” എന്നായിരുന്നു സുധാകര്‍ റെഡ്ഡിയുടെ മറുപടി.