കൊച്ചി: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഭരണ പരിഷ്‌കാര കമ്മിഷനംഗം സി.പി.നായർ. മാതൃഭൂമി ന്യൂസ് ചാനലിലെ ‘അകംപുറം’ പരിപാടിയിലായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെ അദ്ദേഹം വിമർശിച്ചത്.
“കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് സംസ്ഥാന സർക്കാർ ഏകപക്ഷീയമായാണ് നടപ്പിലാക്കിയത്. ഭരണ പരിഷ്‌കാര കമ്മിഷന്റെ പരിഗണനാ വിഷയമായിരുന്നു ഇത്. കമ്മിഷനെ സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ മൂലയ്‌ക്കിരുത്തി. തനിക്കിത് പറയുന്നതിന് ആരെയും ഭയമില്ല. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ചെയർമാനായ കമ്മിഷനോട് സംസ്ഥാന സർക്കാർ ഈ നിലപാട് സ്വീകരിക്കരുതായിരുന്നു” അദ്ദേഹം പറഞ്ഞു.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, കേരളത്തിന് ഗുണകരമാകില്ലെന്ന നിലപാടാണ് സി.പി.നായരുടേത്. ഇക്കാര്യം കമ്മിഷനോട് സർക്കാർ ചർച്ച ചെയ്തിരുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ വിഎസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നടപ്പിലാക്കുന്നതിനെ ഉന്നത ഉദ്യോഗസ്ഥരും പ്രതിപക്ഷ അനുകൂല ഉദ്യോഗസ്ഥ സംഘടനകളും ശക്തമായി എതിർത്തിരുന്നു. എന്നാൽ സർക്കാർ തങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോയി. വർഷങ്ങളായി ഫയലിൽ കിടക്കുന്ന തീരുമാനം മുഴുവൻ എതിർപ്പും തള്ളിക്കളഞ്ഞാണ് സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ചത്.