ബംഗളൂരു: പശുക്കളെ തീയുടെ മുകളില്‍ കൂടി നടത്തിക്കുന്ന ആചാരം വിവാദമാകുന്നു. പരമ്പരാഗതമായ ആചാരമെന്ന രീതിയില്‍ ഇതിന്റെ വീഡിയോ വൈറലായതോടെയാണ് പ്രതിഷേധം ഉയരുന്നത്. രാജ്യത്ത് പശുക്കളെ സംരക്ഷിക്കുന്നതിന്റെ പേരില്‍ അക്രമവും കൊലപാതകവും അരങ്ങേറുന്നതിനിടയിലാണ് പശുക്കളോട് ആചാരത്തിന്റെ പേരില്‍ ക്രൂരത കാണിക്കുന്നത്.

രാജ്യം മകരസംക്രാന്തി ആഘോഷിക്കുന്നതിനിടയിലാണ് കര്‍ണാടകയില്‍ പശുക്കളെ തീയിലൂടെ നിര്‍ബന്ധപൂര്‍വം നടത്തിക്കുന്നത്. മകരസംക്രാന്തിയുടെ ഭാഗമായുളള പരമ്പരാഗതമായ ആചാരമെന്ന പേരില്‍ പശുക്കളെ അണിയിച്ചൊരുക്കിയാണ് തീയിലൂടെ നടത്തിക്കുന്നത്. ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും ഉണ്ടാവാനാണ് ഇത്തരത്തിലൊരു ആചാരം നടത്തുന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. പശുക്കളെ തീയിലൂടെ നടത്തിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

പശുക്കളുടെ ദേഹത്ത് തീപിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. പശുക്കളില്‍ ചിലതിനൊപ്പം ആളുകളും തീയിലൂടെ ഓടിയിറങ്ങുന്നുണ്ട്. മകരസംക്രാന്തി ദിനത്തില്‍ ആദ്യം പശുക്കളെ അണിയിച്ചൊരുക്കി അവയ്ക്ക് വേണ്ട ഭക്ഷണമൊക്കെ കൊടുക്കും. പിന്നീട് സന്ധ്യയോടെയാണ് ഇവയെ തീയിലേക്ക് ആനയിക്കുക. പിന്നീട് ഇതിനെ പിന്നില്‍ നിന്ന് ഓടിക്കുകയോ തീയിലേക്ക് തളളുകയോ ചെയ്യും. പിന്നീട് ചടങ്ങിന് ശേഷം കാലികളെ മേയാനായി വിടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook