ന്യൂഡല്‍ഹി: ആല്‍വാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. രാജ്യത്ത് പലയിടത്തും മുസ്ലീലങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്നായിരുന്നു തിരുവനന്തപുരം എംപിയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ ജനക്കൂട്ടം അക്ബര്‍ ഖാനെന്ന 28 കാരനെ മര്‍ദ്ദിച്ചുകൊന്നതിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം.വര്‍ഗീയ സംഘര്‍ഷങ്ങള്‍ കുറഞ്ഞുവെന്ന് അവകാശപ്പെടുന്ന ബി.ജെ.പി മന്ത്രിമാര്‍ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നും ശശി തരൂര്‍ ചോദിച്ചു.
നേരത്തെ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ പൊലീസ് അലംഭാവം കാണിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം. രാഹുലിനെ വിദ്വേഷത്തിന്റെ വ്യാപാരി എന്നു വിളിച്ചു കൊണ്ടാണ് ഇപ്പോള്‍ പിയുഷ് ഗോയല്‍ തിരിച്ചടിച്ചത്.
ഓരോ കുറ്റ കൃത്യങ്ങളും ഉണ്ടാകുമ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത് രാഹുല്‍ ഗാന്ധി നിര്‍ത്തണമെന്നും പിയുഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സമൂഹത്തെ രാഹുല്‍ ഭിന്നിപ്പിക്കുകയാണെന്നും പിയുഷ് ഗോയല്‍ പറഞ്ഞു.
പിന്നാലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രാഹുലിനെ വിമര്‍ശിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പ് താല്‍പര്യത്തിന് വേണ്ടി രാഹുലും കോണ്‍ഗ്രസും സാമൂഹ ഐക്യത്തെ തകര്‍ക്കുകയാണെന്നും രാഹിന്റേത് ‘വള്‍ച്ചര്‍ പൊളിറ്റിക്‌സ്’ ആണെന്നും സ്മൃതി ഇറാനി പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം. അതേസമയം, ആഭ്യന്തര വകുപ്പ് ആല്‍വാറിലെ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ വിശദമായ റിപ്പോര്‍ട്ട് രാജസ്ഥാന്‍ സര്‍ക്കാരില്‍ നിന്നും തേടിയിട്ടുണ്ട്.
നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യയില്‍ മനുഷ്യത്വം ഇല്ലാതായെന്നും വെറുപ്പ് രാജ്യത്താകെ പടര്‍ന്നു പിടിച്ചിരിക്കുകയാണെന്നുമായിരുന്നു രാഹുല്‍ നേരത്തെ പ്രതികരിച്ചത്. ആള്‍ക്കൂട്ട മര്‍ദ്ദന കേസില്‍ പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ പിഴവ് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. സംഭവ സ്ഥലത്തു നിന്നും ആക്രമത്തിന് ഇരയായ വ്യക്തിയ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് മൂന്ന് മണിക്കൂര്‍ എടുത്തുവെന്നും ഇതിനിടെ ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തിയും മറ്റും സമയം വൈകിപ്പിച്ചെന്നുമാണ് പൊലീസിനെതിരായ ആരോപണം.
Why BJP Ministers’ claims about reduction in communal violence don’t stand up to the facts: It seems safer in many places to be a cow than a Muslim. https://t.co/ZACOJ005rs
— Shashi Tharoor (@ShashiTharoor) July 22, 2018