മുംബൈ: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിൻ ആപ്, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ ഡിജി ലോക്കർ, ഡൽഹി പൊലീസിന്റെ ഹിമ്മത് ആപ് എന്നിവയ്ക്ക് ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷന്റെ (DNPA) ഡിജിറ്റൽ ഇംപാക്ട് അവാർഡ് ലഭിച്ചു. ന്യൂഡൽഹിയിൽ ജനുവരി 20 ന് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.
രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും രാഷ്ട്രനിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഡിജിറ്റൽ സാങ്കേതിക കണ്ടുപിടുത്തങ്ങൾക്കാണ് അവാർഡുകൾ നൽകുന്നത്. വിവിധ മേഖലകളിൽ ജനങ്ങൾക്ക് സേവനങ്ങൾ നൽകുന്ന അത്യാധുനിക ഡിജിറ്റൽ സംരംഭങ്ങളെയും ചടങ്ങിൽ ആദരിക്കും.
ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ വൺ നേഷൻ വൺ റേഷൻ കാർഡ് (ONORC), ധനകാര്യ സേവന വകുപ്പിന്റെ പ്രധാനമന്ത്രി ജൻ ധൻ യോജന, ധനകാര്യ മന്ത്രാലയത്തിന്റെ GST ആപ്പ്, പരിസ്ഥിതി മന്ത്രാലയത്തിന്റെ CAMPA ആപ്പ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഇ ഗവൺമെന്റ് പോർട്ടൽ, വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ദീക്ഷ പ്ലാറ്റ്‌ഫോമും വനിതാ വികസന വകുപ്പിന്റെ പോഷൻ ട്രാക്കർ ആപ്പും അവാർഡിന് അർഹമായിട്ടുണ്ട്.
ദൈനിക് ജാഗരൺ, ദൈനിക് ഭാസ്കർ, ദി ഇന്ത്യൻ എക്സ്പ്രസ്, മലയാള മനോരമ, ഇടിവി, ഇന്ത്യാ ടുഡേ ഗ്രൂപ്പ്, ടൈംസ് ഗ്രൂപ്പ്, അമർ ഉജാല, ഹിന്ദുസ്ഥാൻ ടൈംസ്, സീ മീഡിയ, എബിപി നെറ്റ്‌വർക്ക്, ലോക്മത്, എൻഡിടിവി, ന്യൂ ഇന്ത്യൻ എക്സ്പ്രസ്, മാതൃഭൂമി, ഹിന്ദു, നെറ്റ്‌വർക്ക് 18 തുടങ്ങി 17 മാധ്യമ പ്രസാധകരെ പ്രതിനിധീകരിക്കുന്ന ഇന്ത്യയിലെ മീഡിയ ബിസിനസുകളുടെ ഡിജിറ്റൽ വിഭാഗങ്ങൾക്കായുള്ള ഒരു സംഘടനയാണ് ഡിഎൻപിഎ.