/indian-express-malayalam/media/media_files/uploads/2023/06/cowin-leak-feat.jpg)
കോവിൻ ഡാറ്റാ ചോർച്ച
ന്യൂഡല്‍ഹി: കോവിഡ് -19 വാക്‌സിനേഷനായി കോവിന്‍ പോര്‍ട്ടലില്‍ സൈന്‍ അപ്പ് ചെയ്തവരുടെ ആധാറും പാസ്പോര്‍ട്ട് നമ്പറുകളും ഉള്‍പ്പെടെ വ്യക്തിഗത വിവരങ്ങള്‍ പങ്കിട്ട ടെലിഗ്രാമിലെ ഓട്ടോമേറ്റഡ് അക്കൗണ്ട് പരിശോധിച്ച് കേന്ദ്രം. പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നതിലെ ഉറവിടം വിലയിരുത്തുന്നതിനും ഡാറ്റ ഗവണ്‍മെന്റിന്റെ ഡൊമെയ്നിന് പുറത്തുള്ള ആളുകളുടെ കൈകളില്‍ എത്തിയിട്ടുണ്ടോയെന്നും വിലയിരുത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് വിവരം ലഭിച്ചു. സാധാരണ വ്യക്തികളുടേത് ഉള്‍പ്പെടെ ഉന്നത രാഷ്ട്രീയക്കാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സ്വകാര്യ വിവരങ്ങള്‍ ടെലിഗ്രാം അക്കൗണ്ട് പങ്കിട്ടതായാണ് വിവരം.
''ഞങ്ങള്‍ തീര്‍ച്ചയായും ഈ പ്രശ്നം പഠിക്കുകയും മൂലകാരണത്തെക്കുറിച്ചും ഡാറ്റ ചോര്‍ന്നത് കോവിനില്‍ നിന്നാണോ അതോ മറ്റേതെങ്കിലും ഉറവിടത്തില്‍ നിന്നാണോ എന്നതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്,'' ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
കോവിന്‍ പോര്‍ട്ടല്‍ വഴി സൈന്‍ അപ്പ് ചെയ്തതിന് ശേഷം വാക്സിനേഷനുകള്‍ നേടിയ 100 കോടി വ്യക്തികളെ ആരോപണവിധേയമായ വിവര ചോര്‍ച്ച ബാധിച്ചേക്കാം. ഇതില്‍ 12-14 വയസ്സിനിടയിലുള്ള 4 കോടിയിലധികം കുട്ടികളും 45 വയസ്സിന് മുകളിലുള്ള 37 കോടിയിലധികം ആളുകളും ഉള്‍പ്പെടുന്നു, ഇതില്‍ ഒരു പ്രധാന ഭാഗം മുതിര്‍ന്ന പൗരന്മാരായിരിക്കാം.
തിങ്കളാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തനരഹിതമായ ടെലിഗ്രാം അക്കൗണ്ട്, കോവിന്‍ പോര്‍ട്ടലിനായി സൈന്‍ അപ്പ് ചെയ്ത ഫോണ്‍ നമ്പര്‍ സാധാരണ ഭാഷയില്‍ ബോട്ട് എന്നറിയപ്പെടുന്ന ഓട്ടോമേറ്റഡ് അക്കൗണ്ടിലേക്ക് സന്ദേശമയയ്ക്കുമ്പോള്‍ ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ കാണിക്കുകയായിരുന്നു. ടെലഗ്രാം ബോട്ട് വ്യക്തിയുടെ പേര്, വാക്‌സിനേഷന്‍ എടുക്കുമ്പോള്‍ അവര്‍ ഉപയോഗിച്ച സര്‍ക്കാര്‍ ഐഡി, വാക്‌സിനേഷന്‍ എവിടെ നിന്ന് ലഭിച്ചു എന്നിവ കാണിച്ചു. വാസ്തവത്തില്‍, ഒരേ ഫോണ്‍ നമ്പര്‍ വഴി കോവിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ആളുകളെ കുറിച്ചുളള വിവരങ്ങള്‍ ലഭ്യമാക്കാന്‍ ബോട്ടിന് കഴിഞ്ഞു - ഒരേ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഒന്നിലധികം വ്യക്തികളുടെ അക്കൗണ്ടുകള്‍ സൃഷ്ടിക്കാന്‍ പോര്‍ട്ടല്‍ അനുവദിച്ചിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് സാകേത് ഗോഖലെയുടെ അഭിപ്രായത്തില്‍, രാജ്യസഭാ എംപിമാരായ സഞ്ജയ് റൗട്ട്, ഡെറക് ഒബ്രിയാന്‍, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം തുടങ്ങിയവരുടെ സ്വകാര്യ വിവരങ്ങള്‍ ബോട്ട് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍, നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ (എന്‍എച്ച്എ) സിഇഒ ആര്‍എസ് ശര്‍മ്മ, കോവിന്‍ അത്യാധുനിക സുരക്ഷാ സൗകര്യങ്ങള്‍ ഉണ്ടെന്നും ഒരിക്കലും സുരക്ഷാ ലംഘനം നേരിട്ടിട്ടില്ലെന്നും അവകാശപ്പെട്ടു. കോവിന്‍ പോര്‍ട്ടലിന് പിന്നിലെ പ്രധാന വ്യക്തിയായ ആര്‍എസ് ശര്‍മ്മ ആരോപണവിധേയമായ ഡാറ്റാ ലംഘനത്തെക്കുറിച്ചുള്ള അഭിപ്രായത്തിനുള്ള അഭ്യര്‍ത്ഥനകളോട് പ്രതികരിച്ചില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.