/indian-express-malayalam/media/media_files/uploads/2023/06/cowin-leak-feat.jpg)
കോവിൻ ഡാറ്റാ ചോർച്ച
ന്യൂഡൽഹി: കോവിൻ ഡാറ്റാ ചോർച്ചയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി, 11 സംസ്ഥാനങ്ങളിൽനിന്നുള്ള ഡാറ്റാ ചോർച്ചയെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. നോഡൽ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഐഎൻ) കോവിഡ് -19 സമയത്ത് സ്വന്തമായി ഡാറ്റാബേസുകൾ വികസിപ്പിച്ചെടുത്ത 11 സംസ്ഥാന സർക്കാരുകളുമായും ചർച്ചകൾ നടത്തിവരികയാണ്. മഹാമാരിയുടെ സമയത്ത് ആധാർ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ, ഇത്തരം ഡാറ്റാബേസിൽ ശേഖരിച്ചിരുന്നു.
ഈ സംസ്ഥാനങ്ങളുടെ ഡാറ്റാബേസുകളിൽ നിന്ന് സംഭവിക്കാൻ സാധ്യതയുള്ള ചോർച്ചയെക്കുറിച്ച് ഏജൻസി അന്വേഷിക്കുന്നു. 11 സംസ്ഥാനങ്ങളിൽ കർണാടകവും കേരളവും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ബാക്കിയുള്ള സംസ്ഥാനങ്ങളെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.
“മഹാമാരിയുടെ സമയത്ത് ചില സംസ്ഥാനങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളും താമസക്കാരുടെ വാക്സിനേഷൻ നിലയും പോലുള്ള കാര്യങ്ങൾ ട്രാക്കുചെയ്യുന്നതിന് അവരുടെ പൂർണ്ണമായ ഡാറ്റാബേസുകൾ സൃഷ്ടിച്ചു. സംസ്ഥാനങ്ങളിലെ ചില ആരോഗ്യ പ്രവർത്തകർക്കും ആ ഡാറ്റയിലേക്ക് ആക്‌സസ് ഉണ്ടായിരിക്കാം. ചില സന്ദർഭങ്ങളിൽ അത് പ്രാദേശിക ഉപകരണങ്ങളിൽ സംഭരിച്ചിരിക്കാം. ഈ ഡാറ്റാബേസുകളിലൊന്നിനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് സിഇആർടി-ഇൻ വിലയിരുത്തുകയാണ്, ”ഒരു മുതിർന്ന കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രാഥമിക ചർച്ചകളിൽ, കർണാടകയും കേരളവും പകർച്ചവ്യാധി സമയത്ത് കണ്ടെയ്‌ൻമെന്റ് സോണുകൾ നിരീക്ഷിക്കുന്നതിനായി അതത് ഡാറ്റാബേസ് സൃഷ്ടിച്ചതായി സൂചിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കോവിൻ ഡാറ്റാ ബേസിൽനിന്നുള്ള വിവരങ്ങൾ പങ്കിടുന്നു എന്ന് ആരോപിക്കപ്പെടുന്ന ബോട്ടിന്റെ പിന്നിലുള്ള വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ ഐഡന്റിറ്റി കണ്ടെത്താൻ സിഇആർടി-ഇൻ ടെലിഗ്രാമിനെ സമീപിച്ചിട്ടുണ്ട്.
'hak4learn' എന്ന് വിളിക്കപ്പെടുന്ന ബോട്ട് പ്രവർത്തിപ്പിക്കുന്ന ഗ്രൂപ്പ്, സേവനം ആക്‌സസ് ചെയ്യാൻ ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ഉപയോഗിക്കുന്നുണ്ടെന്നും അതിനാൽ അവരുടെ ഐഡന്റിറ്റിയോ ലൊക്കേഷനോ കൃത്യമായി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നും ടെലിഗ്രാം അന്വേഷണ ഏജൻസിയെ അറിയിച്ചു.
റഷ്യയിൽ സ്ഥാപിതമായ ടെലിഗ്രാം, ഇപ്പോൾ ബ്രിട്ടീഷ് വിർജിൻ ഐലൻഡ്‌സിൽ ആസ്ഥാനം പ്രവർത്തിക്കുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള ഇന്ത്യൻ എക്സ്പ്രസിന്റെ ചോദ്യങ്ങളോട് പ്ലാറ്റ്ഫോം പ്രതികരിച്ചില്ല.
കോവിൻ ഡാറ്റ ചോർന്നുവെന്നും ഒരു ബോട്ട് വഴി ടെലിഗ്രാമിൽ പങ്കിടുന്നുവെന്നുമുള്ള റിപ്പോർട്ടുകളെ തുടർന്ന്, ആരോഗ്യ മന്ത്രാലയം പ്രശ്നം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിഇആർടി-ഇന്നിനോട് ആവശ്യപ്പെട്ടിരുന്നു. സിഇആർടി-ഇൻ റിപ്പോർട്ട് അടുത്തയാഴ്ച മന്ത്രാലയവുമായി പങ്കിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“ഡാറ്റ സ്വകാര്യതയ്‌ക്ക് മതിയായ സുരക്ഷകളോടെ കോവിൻ സിസ്റ്റം പൂർണ്ണമായും സുരക്ഷിതമാണെന്നും”ചോർച്ച സംബന്ധമായ റിപ്പോർട്ടുകൾ “ഒരു അടിസ്ഥാനവുമില്ലാത്തതാണ്”എന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു.
അതേസമയം, വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ടിഎംസി എംപി ഡെറക് ഒബ്രിയൻ കൊൽക്കത്തയിലെ സൈബർ പോലീസിൽ പരാതി നൽകിയതായി അറിയുന്നു. "… സർക്കാർ സ്രോതസ്സുകൾ വഴി സ്വകാര്യ വ്യക്തികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ലഭ്യമാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ട്," അദ്ദേഹം തന്റെ പരാതിയിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.