ന്യൂഡല്‍ഹി : പശുവിന്‍റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് ശേഷവും തുടരുന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളോട് കോടതിയലക്ഷ്യ കേസില്‍  വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീംകോടതി. ഈ മൂന്ന് സംസ്ഥാനങ്ങളും സെപ്റ്റംബര്‍ 6ന് പരമോന്നത കോടതി പുറപ്പെടുവിച്ച വിധി നിര്‍ദ്ദേശമങ്ങളനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത് എന്നാണ് ഹര്‍ജികാരന്‍ ആരോപിക്കുന്നത്. മഹാത്മാഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധിയാണ് ഹര്‍ജിക്കാരന്‍.

ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എഎം ഖാന്‍വില്‍കാര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാനങ്ങളോട് വിശദീകരണം ആരാഞ്ഞത്. ഏപ്രില്‍ 3 നു മുന്‍പായി വിശദീകരണം അറിയിക്കണം എന്നാണ് കോടതി നിര്‍ദേശം. കോടതി ഉത്തരവിന് ശേഷം ഈ സംസ്ഥാനങ്ങളില്‍ പശുവിന്‍റെ പേരില്‍ വ്യാപകമായ അക്രമങ്ങളാണ് നടക്കുന്നത് എന്ന് തുഷാര്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് വാദിച്ചു.

കേസില്‍ കക്ഷിയായ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്നതായ ഒരു സാഹചര്യത്തേയും തങ്ങള്‍ പിന്തുണയ്ക്കുന്നില്ല എന്ന് അറിയിച്ചു. നേരത്തെയും പശുവിന്‍റെ പേരില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തുഷാര്‍ഗാന്ധി പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ