ഭോപ്പാല്‍: ഗോമാംസത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ രാജ്യത്ത് തുടരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഗോമാംസം കടത്തിയെന്നാരോപിച്ച് ജനക്കൂട്ടത്തിന്റെ മര്‍ദനം. ഞായറാഴ്ച രാവിലെയാണ് സംഭവം. പശുസംരക്ഷകരും നാട്ടുകാരും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ചാണ് ആക്രമണം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മൂന്നാമത്തെ വ്യക്തി രക്ഷപ്പെട്ടു.

ഇരുപത് വയസ് പ്രായം വരുന്ന രണ്ട് യുവാക്കളില്‍ നിന്നാണ് പശുവിറച്ചി പിടികൂടിയത്. ഇവരെ ഗോവധ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തതായി രാജേന്ദ്രനഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. എന്നാല്‍, ഇരുവരും ആക്രമിക്കപ്പെട്ടിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ വാഹനത്തില്‍ പശുവിറച്ചിയും മറ്റ് മാംസങ്ങളും ഉണ്ടായിരുന്നതായി മൃഡോക്ടര്‍ സ്ഥിരീകരിച്ചതായും പൊലീസ് പറയുന്നു.

പശുവിന്റെ പേരിലുളള ആള്‍ക്കൂട്ട അക്രമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കര്‍ശനമാക്കാനുളള നീക്കത്തിലാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഗോസംരക്ഷണം എന്ന പേരില്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ നടത്തുന്നവരെ പൂട്ടാനാണ് കമല്‍നാഥ് സര്‍ക്കാരിന്റെ നീക്കം. ഗോരക്ഷകര്‍ എന്ന പേരില്‍ അക്രമം നടത്തി പ്രതികളാക്കപ്പെടുന്നവര്‍ക്ക് ഇനി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് തടവ് ശിക്ഷ ലഭിക്കുക. ഇവർക്ക് 25,000 രൂപ മുതൽ 50,000 രൂപ വരെ പിഴ നൽകുന്ന കാര്യവും സർക്കാർ പരിഗണിച്ചിരുന്നു.

ഗോവധ നിരോധന നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമം സര്‍ക്കാര്‍ കൊണ്ട് വരുന്നത്. നിയമഭേദഗതി കൊണ്ട് വന്നാല്‍ രാജ്യത്ത് ഗോരക്ഷയുടെ പേരിലുളള അക്രമങ്ങള്‍ക്കെതിരെ നിയമം കൊണ്ട് വരുന്ന ആദ്യ സംസ്ഥാനമാകും മധ്യപ്രദേശ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook