ന്യൂഡൽഹി: രാജ്യത്ത് ഗോ രക്ഷയുടെ പേരിൽ വീണ്ടും കൊലപാതകം. രാജസ്​ഥാൻ- ഹരിയാന അതിർത്തിയിൽ പശുക്കളുമായി പോവുകയായിരുന്നയാളെ ഗോരക്ഷാ ഗുണ്ടകൾ വെടിവെച്ചുകൊന്നു. ഹരിയാനയിലെ മേവാതിൽ നിന്ന്​ രാജസ്​ഥാനിലെ ഭരത്​പൂരിലേക്ക്​ പശുക്കളുമായി പോവുകയായിരുന്ന ഉമ്മർ മുഹമ്മദാണ് കൊല്ലപ്പെട്ടത്. രാജസ്​ഥാനിലെ അൽവാർ ജില്ലയിൽ ഗോവിന്ദ്​ ഗന്ദിന്​ സമീപം വെള്ളിയാഴ്​ചയാണ്​​ സംഭവം. ഉമ്മറിനോടൊപ്പമുണ്ടായിരുന്ന രണ്ടു സഹായികൾക്ക്​ പരിക്കേറ്റിട്ടുണ്ട്​.

ഇന്നലെ രാത്രിയായിരുന്നു സംഭവം. രാജസ്ഥാനില്‍ നിന്ന് ഹരിയാനയിലേക്ക് വാഹനത്തില്‍ പശുക്കളെ കൊണ്ടുപോകുന്നതിനിടെയാണ് ഉമ്മര്‍ഖാനും, സഹായി താഹിറും ആക്രമിക്കപ്പെട്ടത്. ആക്രമത്തില്‍ പരിക്കേറ്റ ഉമ്മര്‍ഖാന്‍ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. ഉമ്മര്‍ഖാന്റെ ശരീരത്തില്‍ നിന്ന് വെടിയുണ്ടയും കണ്ടെത്തിയിട്ടുണ്ട്.

ഗുതുതരമായി പരിക്കേറ്റ താഹിര്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് ഇതുവരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവം ആസൂത്രിതമാണെന്നും പൊലീസിന്റെ സാന്നിധ്യത്തിലാണ് ആക്രമണം നടന്നതെന്നും ഉമ്മര്‍ഖാന്റെയും താഹിറിന്റെയും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിലില്‍ വാഹനത്തില്‍ പശുക്കളെ കൊണ്ടുപോയതിന് പെഹ്‌ലുഖാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതും അല്‍വാറിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ