ഭോപ്പാല്‍: ഗോമൂത്രവും പശുവിന്റെ മറ്റ് ഉത്പന്നങ്ങളും കൂട്ടിച്ചേര്‍ത്ത് കഴിച്ചതാണ് തന്റെ സ്തനാര്‍ബുദം മാറാന്‍ കാരണമായതെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയും മാലെഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍. മധ്യപ്രദേശിലെ ലോക്സഭാ സീറ്റില്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രഗ്യാ സിങ് ഇക്കാര്യം പറഞ്ഞത്.

പല സ്ഥലങ്ങളിലും പശുക്കളെ എങ്ങനെയാണ് പരിചരിക്കുന്നത് എന്നത് വളരെ വേദനയുളവാക്കുന്നതാണെന്നാണ് പശുവിനെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് പ്രഗ്യാ സിങ് പറഞ്ഞത്. പശുസമ്പത്ത് അമൃതാണെന്നും ഗോശാല തപസ്സിരിക്കാന്‍ പറ്റിയ ഇടമാണെന്നും പ്രഗ്യാ സിങ് പറഞ്ഞു.

Read More: ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്ന് പ്രഗ്യാ സിങ് ഠാക്കൂർ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പശുവിന്റേയും പശുവില്‍ നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങളുടേയും ആരോഗ്യ ഗുണങ്ങളെ കുറിച്ചും പ്രഗ്യാ സിങ് പറഞ്ഞു. ഗോമൂത്രം കുടിച്ചാണ് തന്റെ അര്‍ബുദം മാറിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാനൊരു കാന്‍സര്‍ രോഗിയായിരുന്നു. ഗോമൂത്രവും പാഞ്ചഗവ്യ (ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ്) യും ചേര്‍ത്ത ഔഷധം കഴിച്ചാണ് ഞാന്‍ എന്റെ അസുഖം മാറ്റിയത്’ പ്രഗ്യാ സിങ് പറഞ്ഞു. ഈ മരുന്ന് ശാസ്ത്രീയമാണെന്നും താന്‍ അതിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്നും പ്രഗ്യാ സിങ് പറഞ്ഞു.

ഗോമാതാവിന്റെ പുറകുവശത്ത് നിന്ന് അതിന്റെ കഴുത്ത് വരെ തടവികൊടുത്താല്‍ അതിന് സന്തോഷമാവുമെന്നും എല്ലാ ദിവസവും അങ്ങനെ ചെയ്താല്‍ ആളുകളുടെ രക്തസമ്മർദം നിയന്ത്രണത്തിലാവുമെന്നും പ്രഗ്യാ സിങ് പറഞ്ഞു.

അതേസമയം സാധ്വിക്ക് ക്യാൻസർ ഇല്ലെന്നും ചെറിയ ട്യൂമർ മാത്രമാണ് ഉള്ളതെന്നും ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook