ഹൈദരാബാദ്: മാതാവിനും ദൈവത്തിനും പകരക്കാരനാണ് പശുവെന്ന് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി. പശുവിനെ ദേശീയ മൃഗമാക്കണമെന്ന രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ ശുപാര്‍ശ വന്നതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹൈദരാബാദ് ജഡ്ജിയുടെ പരാമര്‍ശം. പശു രാജ്യത്തിന്റെ വിശുദ്ധമായ സമ്പത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ 63 പശുക്കളേയും രണ്ട് കാളകളേയും അധികൃതര്‍ പിടിച്ചുവെച്ചിട്ടുണ്ടെന്ന് കാട്ടി ഒരു വ്യാപാരി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബി ശിവശങ്കര റാവുവിന്റെ നിരീക്ഷണം. രമാവത്ത് ഹനുമ എന്നയാളുടെ പശുക്കളെയാണ് വില്ലേജ് ഓഫീസ് അധികൃതര്‍ കണ്ടുകെട്ടിയത്. ബക്രീദിന് കശാപ്പ് നടത്തി ഇവയെ വില്‍ക്കാനാണ് ഇയാള്‍ പശുക്കളെ കൊണ്ടുവന്നതെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ ആരോപണം.

Read More : ​’മത്സ്യാവതാരത്തിൽ പിടി മുറുക്കിയിട്ടുണ്ട്‌. ഇനി കൂർമ്മം, വരാഹം അങ്ങനെ ഓരോന്നായി വന്നോളും’ കേന്ദ്രസർക്കാറിനെ വിമർശിച്ച് വിടി ബൽറാം

എന്നാല്‍ ആരോഗ്യമുളള പശുക്കളെയായാലും ബക്രീദിന് മുസ്ലിംങ്ങള്‍ക്ക് കശാപ്പ് ചെയ്യാമെന്ന് മൗലികാവകാശത്തില്‍ പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. സുപ്രിംകോടതിയുടെ മുന്‍ വിധി ഉദ്ദരിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം.

പശുക്കള്‍ പാല്‍ ചുരത്തുന്നില്ലെന്ന തെറ്റായ റിപ്പോര്‍ട്ട് നല്‍കി ഇവയെ കശാപ്പിന് അനുവദിക്കുന്ന വെറ്ററിനറി ഡോക്ടര്‍മാരേയും കോടതി വിമര്‍ശിച്ചു. എപി കശാപ്പ് നിരോധന നിയമം 1977 പ്രകാരം ഇത്തരക്കാരെ ശിക്ഷിക്കുമെന്നും ഈ നിമയം ജാമ്യമില്ലാ വകുപ്പായി ഭേദഗതി ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. പ്രായമായതും പാല്‍ ചുരത്താത്തതുമായ പശുക്കളെ കശാപ്പ് ചെയ്യുന്നത് ആന്ധ്രയിലും തെലങ്കാനയിലും നിയമപരമാണ്.

പശുക്കളെ വിട്ടു തരണമെന്ന് കാണിച്ച് നല്‍ഗോണ്ട വിചാരണ കോടതിയില്‍ നല്‍കിയ ഹര്‍ജി തളളിയതിനെ തുടര്‍ന്നാണ് ഹനുമ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ വിചാരണാ കോടതിയുടെ ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

Read More : മനുഷ്യ മുഖവുമായി യുപിയില്‍ പശു പിറന്നു: വിഷ്ണുവിന്റെ അവതാരമെന്ന് നാട്ടുകാര്‍; സ്ഥലത്ത് ക്ഷേത്രം പണിയുമെന്ന് റിപ്പോര്‍ട്ട്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ