ന്യൂഡൽഹി: പശു ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അലഹബാദ് ഹൈക്കോടതി.
ഉത്തർപ്രദേശിലെ ഗോവധ നിരോധന നിയമപ്രകാരം കുറ്റം ചുമത്തിയ ജാവേദ് എന്നയാൾക്ക് ജാമ്യം നിഷേധിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
പശുക്കളുടെ മൗലികാവകാശങ്ങൾ നൽകുന്നതിനുള്ള ഒരു ബിൽ സർക്കാർ പാർലമെന്റിൽ പാസാക്കണമെന്ന് ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.
പശു സംരക്ഷണ പ്രവർത്തനം ഒരു മതവിഭാഗത്തിന് മാത്രമുള്ളതല്ലെന്നും, പശു ഇന്ത്യയുടെ സംസ്കാരമാണെന്നും മതം നോക്കാതെ രാജ്യത്ത് ജീവിക്കുന്ന ഓരോ പൗരനും സംസ്കാരം സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു.
“പശുവിനെ ബഹുമാനിച്ചാൽ മാത്രമേ രാജ്യം അഭിവൃദ്ധിപ്പെടുകയുള്ളൂ,” എന്നും കോടതി ഉത്തരവിൽ പറയുന്നതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.
Read More: യുപിയിൽ വൈറൽ പനി പടരുന്നു, ഒരാഴ്ചയിൽ മരിച്ചത് 32 കുട്ടികൾ; ഡെങ്കിപ്പനിയെന്ന് അധികൃതർ
വ്യത്യസ്ത മതങ്ങളിൽപ്പെട്ട ആളുകൾ ജീവിക്കുന്നതും എന്നാൽ അവർ വ്യത്യസ്തമായി ആരാധിക്കുമ്പോൾ പോലും അവരുടെ ചിന്ത ഒന്നായിരിക്കുന്നതുമായ ലോകത്തെ ഏക രാജ്യം ഇന്ത്യയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
“അത്തരമൊരു സാഹചര്യത്തിൽ, എല്ലാവരും ഇന്ത്യയെ ഒന്നിപ്പിക്കാനും അതിന്റെ വിശ്വാസത്തെ പിന്തുണയ്ക്കാനും എല്ലാവരും ഒരു ചുവട് മുന്നോട്ട് വെക്കുമ്പോൾ, അവരുടെ വിശ്വാസങ്ങൾ രാജ്യത്തിന്റെ താൽപര്യത്തിന് വിരുദ്ധമായ ചിലർ രാജ്യത്തെ ദുർബലപ്പെടുത്തുക മാത്രമ ചെയ്യുകയുള്ളൂ,”എന്നും ജാമ്യം നിഷേധിക്കവെ കോടതി അഭിപ്രായപ്പെട്ടു.
പ്രതി മുമ്പ് സമാനമായ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നതായി പരാമർശിച്ച കോടതി, ജാമ്യം അനുവദിക്കുകയാണെങ്കിൽ, അത് സമൂഹത്തിന്റെ ഐക്യം തകരാറിലാക്കുമെന്ന് പറഞ്ഞു.
ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന ഗോശാലകളെക്കുറിച്ചും കോടതി പരാമർശിച്ചതായി ബാർ ആൻഡ് ബഞ്ച് റിപ്പോർട്ട് ചെയ്തു “സർക്കാർ ഗോശാലകൾ നിർമ്മിക്കുന്നു, പക്ഷേ പശുവിനെ പരിപാലിക്കേണ്ട ആളുകൾ പശുക്കളെ പരിപാലിക്കുന്നില്ല. അതുപോലെ, സ്വകാര്യ ഗോ-ശാലകളും ഇന്ന് വെറും പാവയായി മാറിയിരിക്കുന്നു, അതിൽ ആളുകൾ പശു പ്രോത്സാഹനത്തിന്റെ പേരിൽ പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ എടുക്കുകയും സർക്കാരിൽ നിന്ന് സഹായം സ്വീകരിക്കുകയും ചെയ്യുന്നു, പക്ഷേ അത് സ്വന്തം താൽപ്പര്യത്തിനായി ചെലവഴിക്കുകയാണ്, പശുവിനെ പരിപാലിക്കുന്നില്ല,” കോടതി നിരീക്ഷിച്ചു.