ന്യൂഡല്‍ഹി: ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആഘോഷിക്കാനുള്ള നിര്‍ദേശം പിന്‍വലിച്ച് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ (എഡബ്ല്യുബിഐ). ”കോംപിറ്റന്റ് അതോറിറ്റിയും ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയവും നിര്‍ദ്ദേശിച്ച പ്രകാരം, 2023 ഫെബ്രുവരി 14-ന് ‘കൗ ഹഗ് ഡേ’ ആഘോഷിക്കാന്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നല്‍കിയ നിര്‍ദേശം പിന്‍വലിക്കുന്നു” പുതിയ ഉത്തരവില്‍ പറയുന്നു.
ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയത്തിന്റെ മൃഗസംരക്ഷണ, ക്ഷീരോല്‍പാദന വകുപ്പിന് കീഴിലുള്ള എഡബ്ല്യുബിഐ ഫെബ്രുവരി 6 ന് പശു സ്‌നേഹികള്‍ക്ക് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആഘോഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് വഴി വൈകാരിക സമൃദ്ധി കൊണ്ടുവരുമെന്നും കൂടാതെ വ്യക്തിപരവും കൂട്ടായതതുമായ സന്തോഷവും വര്‍ദ്ധിപ്പിക്കുമെന്നും പറഞ്ഞ് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് അപ്പീല്‍ നല്‍കിയതെന്നും ബോര്‍ഡ് അധികൃതര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച ആദ്യ സര്‍ക്കുലര്‍ കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാമെന്ന് മൃഗ സംരക്ഷണ ബോര്‍ഡിന്റെ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.