ന്യൂഡല്‍ഹി: ഫെബ്രുവരി 14ന് കൗ ഹഗ് ഡേ ആചരിക്കാനുള്ള തീരുമാനം പിന്‍വലിച്ച അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ(എഡബ്ല്യുബിഐ)യുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ഫെബ്രുവരി 10ലെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ഇത് സര്‍ക്കാരിന്റെനയപരമായ തീരുമാനമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും വ്യക്തമാക്കി.
”എഡബ്ല്യുബിഐയുടെ ഏതെങ്കിലും പ്രത്യേക പരിപാടിയുടെ ആഘോഷം തീര്‍ച്ചയായും പ്രസ്തുത ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും കീഴലാണ്. ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ല” ജസ്റ്റിസ് പ്രതിഭ സിങ്ങിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ച് അഭിപ്രായപ്പെട്ടു, നിങ്ങള്‍ ഒരു പ്രത്യേക ദിവസം കൗ ഹഗ് ഡേ ആഘോഷിക്കണമെന്ന് കോടതിക്ക് എങ്ങനെ പറയാനാകും?’ എന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ചോദ്യം ഉന്നയിച്ച് ജസ്റ്റിസ് പ്രതിഭ സിങ് ചോദിച്ചു.
തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡിലെ മുന്‍ അംഗവും ആത്മീയ സംഘടനയായ ഹൈദരാബാദിലെ യുഗ തുളസി ഫൗണ്ടേഷന്റെ ചെയര്‍മാനുമാണ് താനെന്ന് ഹര്‍ജിക്കാരനായ കോലിഷെട്ടി ശിവ കുമാര്‍ ഹര്‍ജിയില്‍ പറയുന്നു. കൗ ഹഗ് ഡേ ആചരിക്കാന്‍ ആഹ്വാനം ചെയ്ത ഫെബ്രുവരി 6 ലെ ഉത്തരവ് നടപ്പാക്കുന്നത് പുനഃസ്ഥാപിക്കാന്‍ എഡബ്ല്യുബിഐക്കും കേന്ദ്രത്തിനും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
താണ്‍ കൗ ഹഗ് ഡേയെ പിന്തുണയ്ക്കുന്ന വ്യക്തിയാണെന്നും പരിപാടി മികച്ച രീതിയില്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ പറയുന്നു, എന്നാല്‍ ഫെബ്രുവരി 6 ലെ വിജ്ഞാപനം ഫെബ്രുവരി 10 ന് എഡബ്ല്യുബിഐ പിന്‍വലിച്ചു, ഇത് നിരവധി പേരുടെ വികാരം വ്രണപ്പെട്ടു. ഹര്‍ജിയില്‍ പറയുന്നു. ഒരു കാരണവും വ്യക്തമാക്കാതെ വിജ്ഞാപനം പെട്ടെന്ന് പിന്‍വലിക്കുന്നത് അനീതിയും ഏകപക്ഷീയവും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21, 48 എന്നിരയ്ക്ക് വിരുദ്ധവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു.