ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന് വില കൂടും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസിനു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും ലഭ്യമാകുമെന്ന് പൂനെ ആസ്ഥാനമായ കമ്പനി അറിയിച്ചു.
പതിനെട്ട് വയസിനു മുകളിലുള്ള എല്ലാവര്‍ക്കും മേയ് ഒന്ന് മുതല്‍ വാക്‌സിനേഷനെടുക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ തീരുമാനം. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്ന വാക്‌സിനുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍നിന്ന് ഡോസിന് 250 രൂപയ്ക്കുമാണ് ലഭിക്കുന്നത്.
രാജ്യത്ത് വിതരണം ചെയ്യുന്ന മറ്റൊരു വാക്‌സിനായ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്റെ പൊതുവിപണിയിലെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോവാക്‌സിന്‍ വിലയും വൈകാതെ പ്രഖ്യാപിക്കാനാണു സാധ്യത. ഇരു വാക്‌സിനുകളും ഡോസിനു 150 രൂപയ്ക്കാണു നിലവില്‍ കേന്ദ്രസര്‍ക്കാരിനു നല്‍കുന്നത്. റഷ്യയുടെ സ്പുട്‌നിക്-5 വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അടുത്തിടെ അനുമതി നല്‍കിയിരുന്നു. ആഗോളതലത്തിലുള്ള മറ്റു വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിനും ഉടൻ അനുമതി നൽകാൻ സാധ്യതയുണ്ട്.
Read More: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം: കോട്ടയത്ത് സംഘർഷം, പാലക്കാട് തിക്കും തിരക്കും
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച്, വാക്‌സിന്‍ നിര്‍മാതാക്കള്‍ ഉല്‍പാദിപ്പിക്കുന്ന ഡോസുകളുടെ 50 ശതമാനവും മുന്‍കൂട്ടി പ്രഖ്യാപിച്ച വിലയ്ക്ക് ”പൊതു വിപണിയില്‍” നല്‍കാം. 18 നും 45 നും ഇടയില്‍ പ്രായമുള്ളവരുടെ പ്രതിരോധ കുത്തിവയ്പുകള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും സ്വകാര്യ വ്യവസായ അംഗങ്ങള്‍ക്കും ഈ ഡോസുകള്‍ വാങ്ങാം. ശേഷിക്കുന്ന 50 ശതമാനം കേന്ദ്രസർക്കാരിനു ലഭിക്കും.
Also Read: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം: കോട്ടയത്ത് സംഘർഷം, പാലക്കാട് തിക്കും തിരക്കും
വാക്‌സിനേഷനായി എത്തുന്ന ഈ പ്രായപരിധിയിലുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ എത്ര തുക ഈടാക്കുമെന്ന് ഈ ഘട്ടത്തില്‍ വ്യക്തമല്ല. 45 വയസ്സിന് മുകളിലുള്ളവര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ വാക്‌സിനേഷന് അര്‍ഹരാണ്. നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ ഉപയോഗിച്ചുള്ള കുത്തിവയ്പിന് 250 രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്.
വാക്‌സിന്‍ നിര്‍മാതാക്കളില്‍നിന്ന് നേരിട്ട് വാങ്ങുന്ന ഡോസുകള്‍ എങ്ങനെ വിതരണം ചെയ്യാമെന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ട്.
അതേസമയം, സ്വകാര്യവിപണിയിലെ ആഗോള വാക്‌സിനുകളേക്കാള്‍ വില കുറവാണ് കോവിഷീല്‍ഡിനെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ നിര്‍മിത വാക്സിനുകള്‍ ഡോസിനു 1500 രൂപയ്ക്കും റഷ്യന്‍, ചൈനീസ് നിര്‍മിത വാക്സിനുകള്‍ക്കു 750 രൂപയ്ക്കുമാണു വില്‍ക്കുന്നതെന്നു വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.