ന്യൂഡല്‍ഹി: സര്‍ക്കാരില്‍നിന്നുള്ള കോവിഡ് വാക്സിന് ഓര്‍ഡറുകള്‍ക്ക് മുന്‍ഗണന നല്കാന് ഫൈസര്‍ തീരുമാനം. കൂടാതെ, ‘സര്‍ക്കാര്‍ കരാറുകളിലൂടെ മാത്രം’ ഇന്ത്യയില്‍ വാക്സിന് വിതരണം ചെയ്യാനും അമേരിക്കന്‍ മരുന്നു ഭീമനായ ഫൈസര്‍ തീരുമാനിച്ചു.
അതത് സര്‍ക്കാര്‍ അധികൃതരുമായുള്ള വ്യവസ്ഥകളും ബന്ധപ്പെട്ട ഏജന്‍സികളുടെ അനുമതിയും അടിസ്ഥാനമാക്കിയുള്ള സര്‍ക്കാര്‍ കരാറുകളിലൂടെ മാത്രമേ കമ്പനി വാക്സിന് വിതരണം ചെയ്യുകയുള്ളൂവെന്ന് ഫൈസര്‍ വക്താവ് പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്കു വില്ക്കാന് കേന്ദ്രമോ സംസ്ഥാന സര്‍ക്കാരുകളോ തീരുമാനിച്ചില്ലെങ്കില്‍ ഇവിടങ്ങളില്‍ വാക്സിന് ലഭ്യമാകില്ലെന്നാണ് ഫൈസര്‍ തീരുമാനം വ്യക്തമാക്കുന്നത്.
വാക്സിന് നിര്‍മാതാക്കള്‍ക്കു വിതരണത്തിന്റെ 50 ശതമാനം സംസ്ഥാനസര്‍ക്കാരുകള്‍ക്കും പൊതുവിപണിയിലും നല്കാന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. വാക്സിന് ഉയര്‍ന്ന വിലയ്ക്കു സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്കാന് മരുന്നുനിര്‍മാണ കമ്പനികളെ അനുവദിക്കുന്നതാണു സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന സര്്ക്കാരുകള്ക്കു ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമായിരിക്കും കോവിഷീല്‍ഡിനു വിലയെന്നു നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഫൈസര്‍ നിലപാട് വ്യക്തമാക്കിയത്.
Also Read: പതിനെട്ട് കഴിഞ്ഞവർക്കു വാക്സിൻ: റജിസ്ട്രേഷൻ എന്നു മുതൽ, എവിടെ, എങ്ങനെ?
വാക്സിന്റെ 50 ശതമാനം പൊതുവിപണിയില്‍ വില്ക്കാന് അനുവദിക്കാനുള്ള കേന്ദ്ര തീരുമാനം ഇന്ത്യയ്ക്കുള്ള പദ്ധതികളെ സ്വാധീനിച്ചിട്ടുണ്ടോയെന്ന ഇന്ത്യന്‍ എക്സ്പ്രസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഫൈസറിന്റെ പ്രസ്താവന. എത്ര വാക്സിനുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും കേന്ദ്ര സര്‍ക്കാരില്‍നിന്നും പൊതുവിപണിയിലും എന്ത് വില ഈടാക്കുമെന്നും കമ്പനിയോട് ചോദിച്ചിരുന്നു. രാജ്യത്ത് ഫൈസര്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോയെന്നും എന്നു വിതരണം ചെയ്യാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ചോദിച്ചിരുന്നു.
രാജ്യത്തെ രോഗപ്രതിരോധ പദ്ധതിയില്‍ ഉപയോഗിക്കുന്നതിന് ഫൈസര്‍- ബയോന്‍ടെക് വാക്സിന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായുള്ള ഇടപെടല്‍ തുടരാന്‍ ഫൈസര്‍ പ്രതിജ്ഞാബദ്ധമാണെന്നു വക്താവ് പറഞ്ഞു.
ന്യൂയോര്‍ക്ക് ആസ്ഥാനമായ ബഹുരാഷ്ട്ര മരുന്നുകമ്പനിയായ ഫൈസര്‍ വാക്സിന്റെ നിയന്ത്രിത ഉപയോഗ അനുമതിക്കായി ഇന്ത്യയിലെ ഏറ്റവും ഉന്നത മരുന്ന് നിയന്ത്രണ സമിതിയായ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷനെ(സി.ഡി.എസ്്.സി.ഒ) നേരത്തെ സമീപിച്ചിരുന്നു. ഇതുസംബന്ധിച്ച് അപേക്ഷ ഡിസംബര്‍ നാലിനു സമര്‍പ്പിച്ച കമ്പനിക്ക് അതിനകം യുകെയില്‍നിന്ന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരുന്നു.
ഫൈസര്‍ ഇന്ത്യയില്‍ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളോ അനുബന്ധ പഠനങ്ങളോ നടത്തിയിട്ടില്ല. എന്നാല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സംബന്ധിച്ച രാജ്യത്തെ 2019 ലെ നിയമത്തിലെ വ്യവസ്ഥകള്‍ പ്രാദേശിക പരിശോധന ഒഴിവാക്കുന്നതിന് അനുമതി തേടാന്‍ കമ്പനിയെ അനുവദിക്കുന്നു. കാരണം, ഒരു അംഗീകൃത വിദേശ ഏജന്‍സിയുടെ അംഗീകാരം ഇതിനകം ഫൈസറിനു ലഭിച്ചിട്ടുണ്ട്.
Also Read: വാക്സിനേഷനു തിരക്ക് കൂട്ടേണ്ട, അറിയാം റജിസ്ട്രേഷൻ മാർഗനിർദേശങ്ങൾ
അതേമസമയം, നിയന്ത്രിത ഉപയോഗ അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷ സി.ഡി.എസ്്.സി.ഒയുടെ വിദഗ്ധ സംഘം സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി അഞ്ചിനു ഫൈസര്‍ പിന്‍വലിച്ചിരുന്നു. വാക്സിന് ഇന്ത്യക്കാര്‍ക്കു സുരക്ഷിതമാണെന്നു തെളിയിക്കാന്‍ പ്രാദേശിക ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സി.ഡി.എസ്്.സി.ഒ. ആവശ്യപ്പെട്ടു.
എന്നാല്‍ രാജ്യത്ത് കോവിഡ് തരംഗം രൂക്ഷമായതോടെ ഈ മാസം ആദ്യം സര്‍ക്കാര്‍ നിലപാട് മാറ്റി. യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്, ജപ്പാന് എന്നിവയുടെ അടിയന്തര ഉപയോഗ അനുമതിയുള്ളവര്‍ക്കും ലോകാരോഗ്യ സംഘടനയുടെ അടിന്തര ഉപയോഗ പട്ടികയില്‍ പെട്ടവര്‍ക്കും പ്രാദേശിക പഠനങ്ങള്‍ നടത്തുന്നതിന് മുമ്പ് ഇന്ത്യയില്‍ നിയന്ത്രിത ഉപയോഗ അനുമതി നേടാന്‍ ഇത് അനുവദിക്കുന്നു. കൂടുതല്‍ വിദേശ വാക്സിനുകള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രഖ്യാപനം.