ന്യൂഡല്‍ഹി: പാര്‍വതി ദേവി, ഓം ദത്ത് ശര്‍മ, ദീപക്…അപരിചിതരായിരുന്ന മൂന്നുപേര്‍. എന്നാല്‍ അടുത്ത നിമിഷം, ജീവിതത്തിനുവേണ്ടിയുള്ള പൊരുതലില്‍ ഒരൊറ്റ ഓക്സിജന്‍ സിലിണ്ടറില്‍ അവര്‍ ബന്ധിപ്പിക്കപ്പെട്ടു. ഡല്‍ഹി ജിടിബി ആശുപത്രിക്കു പുറത്തെ വെള്ളിയാഴ്ചത്തെ കാഴചയായിരുന്നു ഇത്. ഇങ്ങനെ നിരവധി രോഗികളാണു ഡല്‍ഹിയില്‍ പ്രാണവായുവിനുവേണ്ടി കേഴുന്നത്.
ആശുപത്രിക്കു പുറത്ത് വെറും നിലത്ത് കിടന്നാണ് ഓം ദത്ത് ശര്‍മയ്ക്ക് മറ്റു രണ്ടുപേരുമായും ഓക്സിജന്‍ സിലിണ്ടര്‍ പങ്കുവയ്ക്കേണ്ടി വന്നത്. സ്ട്രെച്ചറുകളൊന്നും ലഭ്യമല്ലെങ്കിലും തറയില്‍ ലഭിച്ച സൗകര്യം നഷ്ടപ്പെടുമെന്നതിനാല്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കു മുന്നില്‍ മറ്റൊരു ആലോചനയുണ്ടായിരുന്നില്ല.
ഓം ദത്തിന്റെ നാല്പ്പകാരനായ മകന് ചമന്‍ ലാല്‍ ശര്‍മ അതേ ആശുപത്രിക്കു പുറത്താണു വ്യാഴാഴ്ച രാത്രി മരിച്ചത്. എമര്‍ജന്‍സി ബ്ലോക്കിനു സമീപം കിടക്കയ്ക്കായി കാത്തിരിക്കുകയായിരുന്ന അദ്ദേഹത്തിന് സ്ട്രെച്ചര്‍ ലഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ശ്വാതടസം അനുഭവപ്പെട്ട ചമന്‍ ലാലിനു പനിയുണ്ടായിരുന്നു, ഗാസിയാബാദ് ഗഗന് വിഹാറിലെ കുടുംബവീട്ടില്‍നിന്ന് ചമന്‍ ലാലിനെ മകന് മോഹന്‍ ഗത്യന്തരമില്ലാതെയാണു ജിടിബിയിലേക്ക് കൊണ്ടുവന്നത്. പിതാവിനെ മരണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മോഹന്റെ കണ്ണുനിറഞ്ഞു.
Also Read: വൈറസിന് ഏതറ്റം വരെ പോകാം; ഇന്ത്യയെ വിമർശിച്ച് ലോകാരോഗ്യ സംഘടന
”ഇവിടെ (ജിടിബിയില്‍) കിടക്കകളില്ല. ഗാര്‍ഡുമാര്‍ ഞങ്ങളോട് പോകാന്‍ പറഞ്ഞു. ഞങ്ങള്‍ ഡോ. ഹെഡ്ഗേവാര്‍ ആശുപത്രിയില്‍ പോയി. അവിടെ പ്രവേശിപ്പിക്കാന്‍ അവര്‍ വിസമ്മതിച്ചു. അച്ഛന്റെ നില മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. വായില്‍നിന്ന് രക്തം വരുന്നുണ്ടായിരുന്നു. രാത്രി പതിനൊന്നോടെ ഞങ്ങള്‍ വീണ്ടും ജിടിബിയിലേക്ക് വന്നു. സ്ട്രെച്ചര്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഞങ്ങള്‍ അദ്ദേഹത്തിന് ഓക്സിജന്‍ സിലിണ്ടര്‍ ക്രമീകരിച്ചു. പക്ഷേ അരമണിക്കൂറിനുശേഷം മരിച്ചു,”മോഹന്‍ പറഞ്ഞു.
ചമന്‍ ലാലിന്റെ മരണം നടന്ന് 24 മണിക്കൂറിനുള്ളിലാണു ഓം ദത്ത് ശര്‍മയുമായി മോഹന്‍ വീണ്ടും ജിടിബിയിലെത്തിയത്. മുത്തച്ഛനുവേണ്ടി കിടക്കയ്ക്കായി മോഹന്‍ ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു. ചമന്‍ലാലിന്റെ മരണശേഷം പിതാവിന്റെ നില വഷളാവുകയായിരുന്നു.
”ഞങ്ങള്‍ ഒരു സുഹൃത്തിന്റെ വാഹനം സംഘടിപ്പിച്ച് ആദ്യം കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിലേക്കു പോയി. പക്ഷേ ആംബുലന്‍സില്‍ വരാത്തതിനാല്‍ അവര്‍ അകത്തേക്ക് കയറ്റിയില്ല,” മോഹന്‍ പറഞ്ഞു. തുടര്‍ന്ന് കുടുംബം ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രി, ശാന്തി മുകുന്ദ്, രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലേക്കു പോയി. അവിടെ കിടക്കകളുണ്ടായിരുന്നെങ്കിലും ഓക്സിജന്‍ ലഭ്യമായിരുന്നില്ല. സ്വന്തമായി സിലിണ്ടര്‍ സംഘടിപ്പിക്കാന്‍ അവിടങ്ങളില്നിന്ന്് കുടുംബത്തോട് ആവശ്യപ്പെട്ടു. ഒടുവില്‍ കുടുംബം ജിടിബിയിലേക്കു മടങ്ങുകയായിരുന്നു. ”ഇവിടെ തിരിച്ചെത്താന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നില്ല, പക്ഷേ മറ്റു മാര്‍ഗമില്ലായിരുന്നു,” മോഹന്‍ പറഞ്ഞു.
Also Read: ബെംഗളൂരുവിൽ കോവിഡ് സ്ഥിതി നിയന്ത്രണാതീതം; ഇന്നലെ 124 മരണം
ഓം ദത്ത് ശര്‍മ ഉള്‍പ്പെടെ വെള്ളിയാഴ്ച ഒരു സിലിണ്ടറുമായി ബന്ധിക്കപ്പെട്ട മൂന്ന് രോഗികളുടെയും ബന്ധുക്കള്‍ ചുറ്റുംനിന്ന് പൈപ്പുകളും ഓക്സിജന്‍ മാസ്കുകളും ബന്ധുക്കള്‍ ഇടയ്ക്കിടെ ക്രമീകരിക്കുകയും കോവിഡ് ബ്ലോക്കില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുകയും ചെയ്യുകയായിരുന്നു. ഡോക്ടര്‍മാരും ആശുപത്രി പരിചാരകരും തങ്ങളാലാവുന്നത് ചെയ്യുന്നു. ഓരോ മണിക്കൂറിലും ഓക്സിമീറ്റര്‍ ഉപയോഗിച്ച് രോഗികളെ പരിശോധിക്കുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി അമ്മയ്ക്ക് ചുമയും പനിയും ഉണ്ടെന്ന് പാര്‍വതിയുടെ മകന് രാം കുമാര്‍ പറഞ്ഞു. കിഴക്കന്‍ ദില്ലിയിലെ മണ്ഡവാലിയിലെ വീട്ടില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് അമ്മയും മൂത്ത സഹോദരനുമായി ആശുപത്രിയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ശാന്തി മുകന്ദിലും മാക്സിലും പോയി, പക്ഷേ കിടക്ക ലഭിച്ചില്ല. പുലര്‍ച്ചെ അഞ്ചോടെ ഡോ. ഹെഡ്ഗേവാര്‍ ആശുപത്രിയിലെത്തി, അവിടെ അമ്മയെ കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ പോസിറ്റീവ്. പക്ഷേ ഓക്സിജന്‍ സൗകര്യമുള്ള കിടക്കയില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കഠിനമായ നെഞ്ചുവേദനയെക്കുറിച്ച് അമ്മ പ്രയാസപ്പെടുകയായിരുന്നു. രാവിലെ 11നു ജിടിബിയില്‍ എത്തി. അവര്‍ ഞങ്ങള്‍ക്ക് ഈ സിലിണ്ടറും ഒരു സ്ട്രെച്ചറും പുറത്തുതന്നു. മറ്റു രണ്ട് കുടുംബങ്ങളും കഷ്ടപ്പെടുന്നു; ഞങ്ങള്‍ക്ക് എങ്ങനെ പരാതിപ്പെടാനാവും,”രാം കുമാര്‍ പറഞ്ഞു.
Also Read: ജീവനക്കാർക്കിടയിൽ അതിവേഗ കോവിഡ് വ്യാപനം; റെയിൽവേയ്ക്കു വെല്ലുവിളി
ഓം ദത്ത് ശര്‍മയും പാര്‍വതിയ്ക്കുമൊപ്പം ഓക്സിജന്‍ സിലിണ്ടര്‍ പങ്കിടുന്ന മൂന്നാമത്തെയാളായ ദീപക് വെള്ളിയാഴ്ച ഉച്ചയോടെയാണു ആശുപത്രിയിലെത്തിയത്. പത്തും ഏഴും വയസുള്ള മക്കളെ വീട്ടില്വിട്ടാണ് കടയുടമയായ ദീപകും ഭാര്യ രേഖയും ആശുപത്രിയിലേക്കു വന്നത്.
ദീപക്കിനു വ്യാഴാഴ്ച പനിയുണ്ടായിരുന്നെങ്കിലും പാരസെറ്റമോള്‍ കഴിച്ചതോടെ സുഖമായിരുന്നെന്നും രേഖ പറഞ്ഞു. ”വെള്ളിയാഴ്ച രാവിലെ ശ്വാസതടസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ സ്വാമി ദയാനന്ദ് ആശുപത്രിയില്‍ എത്തി. പക്ഷേ അവിടെ ചികിത്സിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ ഒരു ഓട്ടോയില്‍ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്കും കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിലേക്കും പോയി. പക്ഷേ രണ്ടിടത്തുനിന്നും കിടക്ക ലഭ്യമല്ലെന്ന മറുപടിയാണു ലഭിച്ചത്,”രേഖ പറഞ്ഞു.
അവസാനം അവരെ ഒരു സുഹൃത്താണ് ജിടിബിയിലേക്കു കൊണ്ടുവന്നത്. ”ഞങ്ങള്‍ക്കിപ്പോള്‍ ഒരു ഓക്സിജന്‍ സിലിണ്ടര്‍ ഉണ്ട്. ചൂടാണ്. ദീപക്കിനഒ നെഞ്ചുവേദനയുണ്ട്. ഞങ്ങള്‍ക്ക് ഒരു കിടക്ക ലഭിക്കണം, അത് ബുദ്ധിമുട്ടാണോ?” രേഖ ചോദിച്ചു.