ബെംഗളുരു: തെക്കന്‍ ബെംഗളൂരുവിലെ ഹോസപാല്യ ശ്മശാനം. മൃതദേഹങ്ങളുമായി തിങ്കളാഴ്ച വൈകീട്ട് ഊഴം കാത്തുനില്‍ക്കുന്ന ആംബുലന്‍സുകള്‍. ഇതിനിടയിലേക്കു വന്ന ജയില്‍ ആംബുലന്‍സ് വരിതെറ്റിച്ച് മുന്നോട്ടുനീങ്ങിയതു മറ്റ് ആംബുലന്‍സുകളിലെ ഡ്രൈവര്‍മാര്‍ തടസപ്പെടുത്തുന്നു. ഈ ദിവസം, പ്രവര്‍ത്തനസമയമായ വൈകീട്ട് 5.30 വരെ 14 മൃതദേഹങ്ങളാണ് ഇവിടെ സംസ്‌കരിച്ചത്. പിന്നെയും ആറ് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ ശ്മശാനകവാടത്തില്‍ കാത്തുകിടക്കുകയായിരുന്നു.
” രണ്ട് ഇന്‍സിനേറ്ററുകളിലായി, ആദ്യം വന്ന മൃതദേഹം ആദ്യം സംസ്‌കരിക്കുക എന്ന സമ്പ്രദായമാണ് ഞങ്ങള്‍ പിന്തുടരുന്നത്. ഇന്നലെ 31 മൃതദേഹങ്ങള്‍ സംസ്‌കരിക്കേണ്ടതുണ്ടായിരുന്നു. ഇന്നു പുലര്‍ച്ചെ രണ്ടുവരെ പ്രവര്‍ത്തിച്ച ശ്മശാനം അഞ്ചുമണിക്കു വീണ്ടും തുറന്നു. 2020 ഒക്ടോബര്‍ മുതല്‍ എല്ലാ ദിവസവും ഒന്നോ രണ്ടോ കോവിഡ് മൃതദേഹങ്ങളാണു സംസ്‌കാരത്തിനായി കൊണ്ടുവരുന്നതെങ്കില്‍ ഇപ്പോള്‍ സംഖ്യ രണ്ടക്കത്തിലാണ്,” ശ്മശാനത്തിലെ തൊഴിലാളി ചന്ദ്രകുമാര്‍ പറഞ്ഞു.
കോവിഡ് -19 മരണങ്ങളുടെ സംസ്‌കാരത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേകമായി നീക്കിവച്ച ബെംഗളുരുവിലെ ഏഴ് വൈദ്യുത ശ്മശാനങ്ങളിലൊന്നാണ് ഹോസപാല്യയിലേത്. ബെംഗളുരു സിറ്റി കോര്‍പറേഷന്റെ ഈ ശ്മശാശനങ്ങളില്‍ കോവിഡ് സംസ്‌കാരം സൗജന്യമാണ്.
സംസ്‌കാരത്തിനായി ഏഴ്-എട്ട് മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടിവരുന്നതായി ഹോസപാല്യ ശ്മശാനത്തില്‍ ഊഴം കാത്തുനില്‍ക്കുകയായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ എസ് രുദ്രേഷ് പറഞ്ഞു. മൃതദേഹങ്ങള്‍ എത്തുന്നതു വര്‍ധിച്ചതോടെ അവ ക്രമത്തില്‍ സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്മശാനങ്ങള്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Also Read: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം: കോട്ടയത്ത് സംഘർഷം, പാലക്കാട് തിക്കും തിരക്കും
ബെംഗളൂരുവിലെ കോവിഡ് -19 കുതിച്ചുചാട്ടം 2020 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലെ ആദ്യ തരംഗത്തിന്റെ ഉച്ചസ്ഥായിയിലെന്ന പോലെ ആരോഗ്യസംരക്ഷണ-അനുബന്ധ സംവിധാനങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. ആദ്യ തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന സമയമായ സെപ്റ്റംബറില്‍ ബെംഗളൂരുവില്‍ 10 ലക്ഷം പേരില്‍ 261 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നിപ്പോള്‍ 10 ലക്ഷത്തിന് 521 എന്ന നിരക്കിലാണു മരണം. സംസ്ഥാനനിരക്ക് 10 ലക്ഷത്തിന് 188 ആണ്.
തിങ്കളാഴ്ച, 97 കോവിഡ് മരണങ്ങളാണു ബെംഗളുരുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 23നു കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതുവരെ, പ്രതിദിന മരണസംഖ്യ 10 മുതല്‍ 20 വരെയായിരുന്നു. അതേസമയം, നഗരത്തിലെ അസുഖബാധിത മരണനിരക്ക് (അസുഖബാധിത മരണനിരക്ക് അല്ലെങ്കില്‍ സ്ഥിരീകരിച്ച കേസുകളുടെ ശതമാനമായി മരണങ്ങള്‍) കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ രണ്ടു ശതമാനത്തില്‍നിന്ന് ഏപ്രില്‍ 19-ന് ഒരു ശതമാനമായി കുറഞ്ഞു.
മാര്‍ച്ച് അവസാനം മുതല്‍ നഗരത്തില്‍ കോവിഡ് -19 കേസുകള്‍ കുതിക്കുകയാണ്. ഇതോടെ ആശുപത്രികളും കടുത്ത സമ്മര്‍ദത്തിലാണ്. ഏപ്രില്‍ 19 ലെ കണക്ക് പ്രകാരം നഗരത്തില്‍ 1,03,178 പേര്‍ക്കാണു രോഗം ബാധിച്ചത്. കര്‍ണാടകയിലെ മൊത്തം 1,42,084 കേസുകളുടെ 72 ശതമാനമാണിത്.
”കോവിഡ് -19 രോഗികളെ പ്രവേശിപ്പിക്കുന്നതിനായി ഈ ആഴ്ച ഞങ്ങള്‍ പുതിയ വിഭാഗം തുറന്നു. രണ്ട് മണിക്കൂറിനുള്ളില്‍ 100 കിടക്കകളും നിറഞ്ഞു. ഇന്ന് കോവിഡ് അല്ലാത്ത രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്താന്‍ തീരുമാനിച്ചു. ഐസിയുവില്‍ കിടക്കകളൊന്നും ലഭ്യമല്ല,” തെക്കന്‍ ബെംഗളൂരുവിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുതിര്‍ന്ന പ്രൊഫസര്‍ പറഞ്ഞു.
Also Read: ഇന്നത്തെ കോവിഡ് വാർത്തകൾ: രാജ്യത്തെ പ്രതിദിന കേസുകളിൽ വൻ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്
” സര്‍ക്കാര്‍ കുറച്ചുദിവസത്തേക്കു ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും വിക്ടോറിയ, ജയദേവ പോലുള്ള ആശുപത്രി സൗകര്യങ്ങള്‍ തുറക്കുകയും വേണം. ഇതുവഴി കുറഞ്ഞത് 300 ഐസിയു കിടക്കകളെങ്കിലും ലഭിക്കും. ബെംഗളൂരുവിലെ സ്ഥിതി കൂടുതല്‍ കിടക്ക ശേഷിയുള്ള ഡല്‍ഹി, മുംബൈ എന്നിവയേക്കാള്‍ മോശമാകും. കേസുകള്‍ ഉടന്‍ 50 ശതമാനം കുറയ്‌ക്കേണ്ടതുണ്ട്,”പ്രൊഫസര്‍ പറഞ്ഞു.
സിറ്റി കോര്‍പറേഷന്‍ നല്‍കിയ തിങ്കളാഴ്ച വൈകിട്ടു വരെയുള്ള കണക്കുകള്‍ പ്രകാരം ബെംഗളൂരുവിലെ 17 സര്‍ക്കാര്‍ ആശുപത്രികളിലും 69 സ്വകാര്യ ആശുപത്രികളിലുമായുള്ള 291 ഐസിയു വെന്റിലേറ്റര്‍ കിടക്കകളില്‍ 97 ശതമാനവും നിറഞ്ഞിരിക്കുകയാണ്. ഹൈ ഡിപന്‍ഡന്‍സി യൂണിറ്റു(എച്ച്ഡിയു)കളിലെ 2,673 ഓക്‌സിജന്‍ കിടക്കകളില്‍ 90 ശതമാനവും നിറഞ്ഞു.
കോവിഡ് -19 പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍ തീരുമാനിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താതെ, ആളുകള്‍ ഒത്തുചേരുന്നതു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നുവെന്നാണ് റവന്യൂ മന്ത്രി ആര്‍ അശോക് സൂചിപ്പിച്ചത്. എന്നാല്‍, ആരോഗ്യസംരക്ഷണ സംവിധാനത്തിനുമേല്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഹ്രസ്വകാല ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യമാണു സര്‍ക്കാരിലെ മറ്റുള്ളവര്‍ ഉയര്‍ത്തിയിരിക്കുന്നത്.