ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായി. ചൈനീസ് ധനികന്‍ ജാക്ക് മാ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. കൊറോണ ഭീതിയുടേയും അസംസ്‌കൃത എണ്ണയുടെ വിലയിടിവിനേയും തുടര്‍ന്ന് ഓഹരി വിപണികളിലുണ്ടായ ഇടിവിനെ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ക്കുണ്ടായ നഷ്ടമാണ് മുകേഷിന് തിരിച്ചടിയായത്. കൊറോണ വൈറസ് ബാധ ലോക സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്ന ഭീതിയിലാണ് നിക്ഷേപകര്‍.
2018 മധ്യത്തോടെയാണ് മുകേഷ് അംബാനി ജാക്ക് മായുടെ സ്ഥാനം പിടിച്ചെടുത്തത്.
മുകേഷിന്റെ ആസ്തിയില്‍ നിന്നും 5.8 ബില്ല്യണ്‍ ഡോളര്‍ കുറവാണ് തിങ്കളാഴ്ചയുണ്ടായത്. ആലിബാബ ഗ്രൂപ്പിന്റെ ഉടമയായ ജാക്കിന്റെ ഇപ്പോഴത്തെ ആസ്തി 44.5 ബില്ല്യണ്‍ ഡോളറാണ്. അംബാനിയുടേതിനേക്കാള്‍ 2.6 ബില്ല്യണ്‍ ഡോളര്‍ അധികം.
Read Also: കാറും ബൈക്കുമുണ്ട്, ഒരു തോണിയുമിരിക്കട്ടേ, പ്രളയബാധിതര്‍ തോണികള്‍ വാങ്ങുന്നു
എണ്ണയുടെ വില 29 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ് രേഖപ്പെടുത്തുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് എണ്ണയുടെ ആവശ്യകതയില്‍ കുറവുണ്ടായിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ആദ്യമായിട്ടാണ് ഈ സാഹചര്യം ഉണ്ടാകുന്നത്. 2021-ല്‍ കടം പൂജ്യമാക്കാനുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ശ്രമം ഫലവത്താകുമോയെന്ന് നിക്ഷേപകര്‍ക്കിടയില്‍ സംശയം ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ ഉല്‍പാദകരായ സൗദി അറേബ്യന്‍ ഓയില്‍ കമ്പനിക്ക് റിലയന്‍സിന്റെ ഓഹരികള്‍ വില്‍ക്കാനാണ് മുകേഷിന്റെ പദ്ധതി.
കൊറോണ വൈറസ് ടെക് ഭീമനായ ആലിബാബയുടെ ചില ബിസിനസുകള്‍ക്ക് തിരിച്ചടിയായെങ്കിലും ആ നഷ്ടം കൗഡ് കംപ്യൂട്ടിങ് സേവനങ്ങളുടേയും മൊബൈല്‍ ആപ്പുകളുടേയും വര്‍ദ്ധിച്ച വില്‍പനയിലൂടെ ജാക്ക് മാ മറികടന്നു. അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അത്തരമൊരു വഴിയുണ്ടായിരുന്നില്ല. തിങ്കളാഴ്ച 12 ശതമാനം വിലയിടിവാണ് റിലയന്‍സിന്റെ ഓഹരികള്‍ക്കുണ്ടായത്. ഈ വര്‍ഷം ആകെ 26 ശതമാനം ഇടിവുണ്ടായി.