ബെംഗളൂരു: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ബെംഗളൂരുവില്‍ സ്ഥിതി നിയന്ത്രണാതീതം. ഐസിയു വെന്റിലേറ്റര്‍ കിടക്കകള്‍ ലഭിക്കുന്നതിനായി കാത്തുകിടക്കുന്ന നിരവധി രോഗികള്‍ മരിക്കുന്ന വാര്‍ത്തകളാണു ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു പുറത്തുവരുന്നത്. ഓക്സിജന്‍ സൗകര്യമുള്ള കിടക്ക ലഭിക്കുന്നതിനായി ആശുപത്രികളുടെ റിസപ്ഷനില്‍ ഓക്സിജന്‍ മെഷീനുകളില്‍ കെട്ടിവച്ച വീല്‍ചെയറുകളില്‍ മൂന്നുദിവസമായി രോഗികള്‍ ഇരിക്കുന്ന സംഭവങ്ങളുമുണ്ട്.
ആശുപത്രി കിടക്കകള്‍, പ്രത്യേകിച്ച് ഐസിയു വെന്റിലേറ്റര്‍ കിടക്കകള്‍ ഒഴിവില്ലാത്തതു നഗരത്തില്‍ കോവിഡ് മരണങ്ങള് വര്‍ധിച്ചുവരുന്നതിനു കാരണമാവുകയാണ്. ഇന്നലെ മാത്രം 124 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്്. ആദ്യമായാണ് മരണം നൂറ് കടക്കുന്നത്. മരണനിരക്കില്‍ വന്‍ വര്‍ധനവുണ്ടായതോടെ നഗരത്തിലെ ഏഴ് കോവിഡ് ശ്മശാനങ്ങളില്‍ ഓരോ ദിവസവും ശരാശരി 20-25 മൃതദേഹങ്ങളാണ് സംസ്കരിക്കേണ്ടി വരുന്നത്. ഇതുമൂലം ശ്മശാനങ്ങള്‍ അധികസമയം പ്രവര്‍ത്തിക്കേണ്ടിവരുന്നു. സാധാരണ സമയങ്ങളില്‍ നാലോ അഞ്ചോ മൃതദേഹങ്ങളാണ് ഇവിടങ്ങളില്‍ സംസ്കരിക്കാറുള്ളത്. ഈ സാഹചര്യത്തില്‍ കോവിഡ് സമര്‍പ്പിത ശ്മശാനങ്ങളുടെ എണ്ണം ഏഴില്‍നിന്ന് പന്ത്രണ്ടായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ശ്മശാനങ്ങള്‍ക്കായി ബെംഗളൂരുവിനു ചുറ്റും ഭൂമി അനുവദിച്ചിട്ടുമുണ്ട്.
കോവിഡ് -19 കേസുകളും മരണവും കുത്തനെ വർധിച്ച സാഹചര്യത്തിൽ കര്‍ണാടകയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്ന് മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ബെംഗളൂരുവിലെ ഐസിയു വെന്റിലേറ്റര്‍ കിടക്കകള്‍ 10 മടങ്ങ് വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ടു. ബെംഗളൂരുവില്‍ 17 സര്‍ക്കാര്‍ ആശുപത്രികളിലായി കോവിഡ് -19 രോഗികള്‍ക്കായി 117 ഐസിയു വെന്റിലേറ്റര്‍ കിടക്കകള്‍ മാത്രമാണു നിലവിലുള്ളത്. 30 കിടക്കകളില്‍ കുടുതലുള്ള സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകളും ഏറ്റെടുക്കാനാണു സര്‍ക്കാര്‍ ശ്രമം.
Also Read: ഇന്നത്തെ കോവിഡ് വാർത്തകൾ: രാജ്യത്തെ പ്രതിദിന കോവിഡ് മരണം 5000 ആയി ഉയരുമെന്ന് പഠനം
”30 കിടക്കകള്‍ വരെയുള്ള നഴ്സിങ് ഹോമുകളും ആശുപത്രികളും കോവിഡേതര രോഗികളെ നിര്‍ബന്ധമായും ചികിത്സിക്കണം. മുപ്പതില്‍ കൂടുതല്‍ കിടക്കകളുള്ള ആശുപത്രികള്‍ 80 ശതമാനവും ഐസിയു സൗകര്യവും സംസ്ഥാന സര്‍ക്കാരിനായി സമര്‍പ്പിക്കേണ്ടതുണ്ട്,” ആരോഗ്യമന്ത്രി കെ.സുധാകര്‍ പറഞ്ഞു.
15 ദിവസത്തിനുള്ളില്‍ കുറഞ്ഞത് 2,000 താല്‍ക്കാലിക ഐസിയു കിടക്കകളെങ്കിലും തയാറാകും. അവയില്‍ 800 എണ്ണത്തില്‍ വെന്റിലേറ്ററുകള്‍ ഉണ്ടാകും. വിക്ടോറിയ ഹോസ്പിറ്റല്‍ കാമ്പസില്‍ 250 ഐസിയു കിടക്കകളും മറ്റൊരു പുതിയ കെട്ടിടത്തില്‍ 150-200 ഐസിയു കിടക്കകളും ഒരുക്കും. ഇതില്‍ നൂറെണ്ണത്തില്‍ വെന്റിലേറ്ററുകളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രണ്ടാം തരംഗത്തിലെ മരണനിരക്ക് ആദ്യ തരംഗത്തിലെ ഉയര്‍ന്ന സമയത്തേക്കാള്‍ കുറവാണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ വാര് റൂമില്‍നിന്നുള്ള ഡേറ്റ വ്യക്തമാക്കുന്നു. 0.54 ശതമാനമാണ് (1,32,302 പോസിറ്റീവ് കേസുകള്‍) രണ്ടാം തരംഗത്തിലെ മരണനിരക്ക്. ആദ്യ തരംഗത്തിലെ ഉയര്‍ന്ന സമയമായ 2020 ജൂലൈയില്‍ 1.84 ശതമാനമായിരുന്നു (52,406 പോസിറ്റീവ് കേസുകള്‍) മരണനിരക്ക്.