ക്വലാലംപൂര്‍: ” നാട്ടിലേക്കു തിരികെ മടങ്ങാനുള്ള വഴിയൊരുങ്ങുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ വിമാനത്താവളത്തിലേക്കു ദിവസവും പോകാറുണ്ട്. പക്ഷേ, അതൊരു അപകടകരമായ യാത്രയാണ്,” മലേഷ്യയിലെ ക്വലാലംപൂര്‍ വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യക്കാരിലൊരാളായ നവീന്‍ മല്യയുടെ വാക്കുകളാണിത്.

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യാന്തര വ്യോമഗതാഗതം കേന്ദ്രസർക്കാർ നിർത്തിവച്ചതോടെ നവീന്‍ ഉൾപ്പെടെ ഇരുന്നൂറ്റി അമ്പതിലേറെ ഇന്ത്യക്കാരാണു  ക്വലാലംപൂരിൽ കുടുങ്ങിയത്. ഈ വിവരം നവീനും സഹപാഠി മഹിമ ഗുപ്തയുമാണു  പുറം ലോകത്തെ അറിയിച്ചത്. മംഗളുരു കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികളാണ് ഇരുവരും. മഹിമ മലയാളിയും നവീന്‍ കര്‍ണാടകക്കാരുനുമാണ്.

ടിക്കറ്റ് റിസര്‍വ് ചെയ്ത് വിമാനം കയറാന്‍ എത്തിയവരാണു കുടുങ്ങിയയതെന്ന് നവീന്‍ മല്യ ക്വാലാലംപൂരില്‍നിന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

മലേഷ്യയില്‍ രോഗം പടരുകയും അടച്ചിടല്‍ അവസ്ഥ വ്യാപകമാകുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇന്ത്യക്കാർ മടങ്ങാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ യാത്രാ നിര്‍ദേശത്തില്‍ അഞ്ച് മണിക്കൂര്‍ മാത്രമാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാൽ വിമാനത്താവളത്തിലെത്തിയവർ അപ്രതീക്ഷിതമായി കുടുങ്ങുകയായിരുന്നു.

“മാര്‍ച്ച് 18-ന് പുലര്‍ച്ചെ 1.40നുള്ള ഇന്‍ഡിഗോയുടെ ക്വലാലംപൂര്‍-ചെന്നൈ വിമാനത്തിലാണ് ഇവര്‍ ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ മാര്‍ച്ച് 17-ന് ഇന്ത്യ മലേഷ്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കിയതിനെത്തുടര്‍ന്ന് വിമാനം റദ്ദായി,”നവീന്‍ പറയുന്നു. ഇതേ വിമാനത്തിലാണു നവീനും മഹിമയും ഇന്ത്യയിലേക്കു വരേണ്ടിയിരുന്നത്.

” വിമാനത്താവളത്തില്‍ കഴിയുന്നവരെല്ലാം പേടിച്ചിരിക്കുകയാണ്. പോകാന്‍ ഇടമില്ലാത്തതിനാല്‍ അവർ വിമാനത്താവളത്തിൽ തറയിലാണ് കിടന്നുറങ്ങുന്നത്, ” മഹിമ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട്‌ പറഞ്ഞു.

Read Also: കൊറോണ പ്രതിരോധത്തിന്റെ സൗദി ദിനങ്ങൾ

യാത്രാ സംഘത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകളും കുട്ടികളും വൃദ്ധരുമുണ്ടെന്ന് നവീന്‍ പറഞ്ഞു. “തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും. കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലുള്ളവരും ഈ സംഘത്തിലുണ്ട്. മലേഷ്യന്‍ സര്‍ക്കാര്‍ ക്വലാലംപൂരില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. വിമാനത്താവളത്തില്‍ കുടുങ്ങിയവരുടെ കൈയില്‍ പണവും ആഹാരവുമില്ല. കുടുങ്ങിക്കിടക്കുന്നവരിൽ പ്രമേഹവും ഹൈപ്പര്‍ ടെന്‍ഷനുമുള്ള വയോധികരുണ്ട്.,” നവീന്‍ പറഞ്ഞു.

മഹിമയും നവീനും പഠനത്തിന്റെ ഭാഗമായി, അന്താരാഷ്ട്ര ആരോഗ്യ സര്‍വകലാശാലയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനാണു  മലേഷ്യയിലെത്തിയത്. മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ ഒമ്പത് വരെയാണ് ഇന്റേണ്‍ഷിപ്പ്. പഠനത്തിന്റെ ഭാഗമായാണ് എത്തിയതെന്നതിനാൽ ഇരുവർക്കും ക്വലാലംപൂരിൽ താമസ സൗകര്യവും ഭക്ഷണവും ലഭിക്കുന്നുണ്ട്. വിമാനത്താവളത്തില്‍നിന്ന് അരമണിക്കൂര്‍ യാത്രയാണ് താമസസ്ഥലത്തേക്കുള്ളത്.

Read Also: Covid 19: കോവിഡ് മരണം പതിനായിരം കടന്നു, ഇറ്റലിയിൽ സ്ഥിതി അതീവ ഗുരുതരം

ഹോസ്റ്റലില്‍നിന്നു വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള തങ്ങളുടെ യാത്ര  ആരോഗ്യത്തിന് ഭീഷണിയാണെന്ന് നവീന്‍ പറഞ്ഞു. “കാരണം, എല്ലായിടത്തും രോഗബാധിതരാണ്. ഓരോ ദിവസം കഴിയുംതോറും രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. വൃത്തിഹീനമായ സാഹചര്യമാണ് ചുറ്റിലുമുള്ളത്. ഇന്ത്യ വിമാനം അയയ്ക്കാതിരിക്കുകയും മലേഷ്യ സഹായിക്കാതിരിക്കുകയും ചെയ്താല്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവരുടെ അവസ്ഥ ദയനീയമാകും,”നവീൻ കൂട്ടിച്ചേര്‍ത്തു. വിമാനത്താവളത്തിനു സമീപത്തെ കടകളും മറ്റും അടച്ചിട്ട നിലയിലാണ്.

ഇന്ന് ഹൈകമ്മിഷന്‍ അധികൃതര്‍ വിമാനത്താവളത്തില്‍ എത്താമെന്ന് അറിയിച്ചിട്ടുണ്ടെന്ന് നവീന്‍ പറഞ്ഞു. “തങ്ങളെ രക്ഷിക്കാന്‍ വിമാനം എത്തുമോയെന്ന കാര്യത്തില്‍ ഒരുറപ്പും നല്‍കിയിട്ടില്ല. ഇന്നലെ അധികൃതര്‍ എല്ലാവരുടെയും പാസ്‌പോര്‍ട്ട് നമ്പരുകള്‍ ശേഖരിച്ചിട്ടുണ്ട്,” നവീന്‍ പറഞ്ഞു.

രോഗം ഏറ്റവുമധികം ബാധിച്ച ചൈന, ഇറ്റലി പോലുള്ള രാജ്യങ്ങളില്‍നിന്ന് ഇന്ത്യാക്കാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ വിമാനം അയയ്ക്കുന്നുണ്ട്. അതുപോലെ മലേഷ്യയിലേക്കും വിമാനം അയയ്ക്കാന്‍ ഹൈകമ്മിഷന്‍ അധികൃതര്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നുണ്ടെന്നു മഹിമ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook