scorecardresearch
Latest News

കോവിഡ്: അന്താരാഷ്ട്ര യാത്രക്കാരില്‍ കൂടുതലും സ്ഥിരീകരിച്ചത് എക്സ്ബിബി, ബിക്യു ഉപവകഭേദങ്ങള്‍

പുതിയ സാഹചര്യത്തില്‍ 19,227 അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിച്ചപ്പോള്‍ 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

Covid, India, Latest News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരില്‍ കൂടുതലായും കണ്ടെത്തിയത് എക്സ്ബിബി എന്ന ഒമിക്രോണ്‍ ഉപവിഭാഗം. ബിക്യു ഉപവിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്. 124 പോസിറ്റിവ് കേസുകളുടേയും സാമ്പിളുകള്‍ ജനിതക ശ്രേണികരണത്തിന് അയിച്ചിരുന്നു. ഇതില്‍ 40 എണ്ണത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിവരപ്രകാരം 40 സാമ്പിളുകളില്‍ 14 എണ്ണത്തിലാണ് എക്സ്ബിബി ഉപവിഭാഗം സ്ഥിരീകരിച്ചത്. ബിക്യു (ഒന്‍പത്), സിഎച്ച് (മൂന്ന്), ബിഎ.5.2 (രണ്ട്), ബിഎന്‍ (രണ്ട്), ബിഎഫ്.7.4.1, ബിബി.3, ബിവൈ.1, ബിഎഫ്.5 (ഒന്ന്) എന്നിങ്ങനെയാണ് സാമ്പിളുകളുടെ ഫലം.

ലോകാരോഗ്യ സംഘടനയുടെ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ വൈറസ് എവലൂഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയിലെ രോഗവ്യാപനത്തിന് കാരണമായിരിക്കുന്നത് ബിഎ.5.2, ബിഎഫ്.7 എന്നീ വകഭേദങ്ങളാണ്. ബിഎ.5.2 ആണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്ത്യൻ സാർസ്-കോവി-2 ജീനോമിക് സീക്വൻസിംഗ് കൺസോർഷ്യമായ ഐഎന്‍എസ്എസിഒജി പ്രകാരം, 2022 ഡിസംബറിൽ പരിശോധിച്ച സാമ്പിളുകളില്‍ 1.2 ശതമാനത്തില്‍ ബിഎഫ്.7 വകഭേദത്തിന്റെ സാന്നിധ്യമുണ്ട്.

ഐഎന്‍സഎസിഒജിയിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, എക്സിബിബി വകഭേദം, ബിഎ.2.10.1, ബിഎ.2.75 എന്നീ ഒമിക്രോണ്‍ സബ് വേരിയന്റുകളുടെ പുനഃസംയോജനമാണ്. ഇന്ത്യയില്‍ ഏറ്റവുമധികം വ്യാപിക്കുന്നതും ഈ വകഭേദമാണ്. ഡിസംബറില്‍ പരിശോധിച്ച സാമ്പിളുകളില്‍ 40.3 ശതമാനത്തിലും വകഭേദം സ്ഥിരീകരിച്ചു. എക്സ്ബിബി വകഭേദം അമേരിക്കയിലും വ്യാപിക്കുകയാണ്.

ഇന്ത്യയില്‍ ബിക്യു വകഭേദത്തിന്റെ സാന്നിധ്യവും വര്‍ധിക്കുന്നുണ്ട്. ബിക്യു വകഭേദം സ്ഥിരീകരിച്ചിരുന്ന സാമ്പിളുകള്‍ 3.6 ശതമാനമായിരുന്നു നവംബറില്‍, എന്നാല്‍ ഡിസംബര്‍ എത്തിയപ്പോള്‍ 14.6 ശതമാനമായി ഉയര്‍ന്നു.

പുതിയ കോവിഡ് സാഹചര്യത്തില്‍ പരിശോധനകള്‍ രാജ്യത്ത് കര്‍ശനമാക്കിയിട്ടുണ്ട്. ഇതുവരെ 19,227 അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിച്ചപ്പോഴാണ് 124 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ചൈന, ഹോങ് കോങ്, സിംഗപൂര്‍, സൗത്ത് കൊറിയ, ജപ്പാന്‍, തായിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid xbb bq lineages most common in international travelers