ന്യൂഡൽഹി: ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ലോകാരോഗ്യസംഘടന. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ നൽകുന്ന പിന്തുണയ്ക്കാണ് ലോകാരോഗ്യസംഘടന നന്ദി അറിയിച്ചത്. കോവിഡ് വാക്‌സിൻ മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയത്.

‘നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിൽ നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവയ്ക്കുകയാണെങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാവൂ.’ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു.

അയൽരാജ്യങ്ങളിലേക്കും ബ്രസീൽ, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യയിൽ നിന്ന് കോവിഡ് വാക്‌സിൻ കയറ്റി അയക്കുന്നുണ്ട്. കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ സന്നദ്ധത അറിയിച്ച ഇന്ത്യയ്ക്ക് ബ്രസീൽ പ്രധാനമന്ത്രി ബൊൽസൊനാരോ നേരത്തെ നന്ദി അറിയിച്ചിരുന്നു. അയൽരാജ്യങ്ങളിലേക്ക് അടക്കം വാക്‌സിൻ കയറ്റി അയക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അമേരിക്കയും അഭിനന്ദിച്ചു.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിൻ സ്വീകരിക്കും

അതേസമയം, ജനുവരി 16 ശനിയാഴ്‌ചയാണ് രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴിയാണ് കോവിഡ് വാക്‌സിൻ വിതരണം ഉദ്ഘാടനം ചെയ്തത്. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് പ്രധാനമന്ത്രി ആദരം അർപ്പിച്ചു. സ്വന്തം കുടുംബങ്ങളെ പോലും അവഗണിച്ചാണ് ആരോഗ്യപ്രവർത്തകർ കോവിഡിനെതിരായ പോരാട്ടത്തിൽ അണിനിരന്നതെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook