ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ കോവിഡ് വാക്സിന്റെ മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ തുടക്കമായി. പൂനെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച വാക്സിൻ ഇന്നലെ മുതലാണ് ഇന്ത്യയിൽ പരീക്ഷിച്ച് തുടങ്ങിയത്. പൂനെയിലെ തന്നെ ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളെജിൽ നിന്ന് ആറു വ്യക്തികൾ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.

ആദ്യം കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. വാക്സിന്റെ ആദ്യ ഡോസ് മാത്രമാണ് ഇവരിൽ നൽകിയിരിക്കുന്നത്. ആർടി-പിസിആർ, ആന്റിബോഡി പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമായിരിക്കും വാക്സിൻ പൂർണമായും പരീക്ഷണടിസ്ഥാനത്തിൽ ഇവർക്ക് നൽകുക. ഭാരതി വിദ്യാപീഠിന്റെ മെഡിക്കൽ കോളേജിന്റെയും ആശുപത്രിയുടെയും മെഡിക്കൽ ഡയറക്ടർ ഡോ. സഞ്ജയ് ലാൽവാനി തന്നെയാണ് ഇക്കാര്യം ഇന്ത്യൻ എക്സ്പ്രസിനോട് സ്ഥിരീകരിച്ചത്.

ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് വാക്സിൻ നിർമ്മാണത്തിൽ പങ്കാളികളായ സ്വീഡിഷ്-ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയുമായാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൈകോർത്തിരിക്കുന്നത്. 1600 പേരിലാണ് രാജ്യത്ത് വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണം സംഘടിപ്പിക്കുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ കോവിഡ്-19 വാക്സിൻ മനുഷ്യന്റെ പരീക്ഷണങ്ങൾ മികച്ച പൊസിറ്റീവ് ഫലങ്ങളാണ് കാണിക്കുന്നത്. നിലവിലെ ഗവേഷണങ്ങളും റിസൾട്ടുകളും എല്ലാം ശരിയായി നടക്കുന്നുവെങ്കിൽ കോവിഡ്-19 നുള്ള വാക്സിൻ ഒക്ടോബറിൽ വിതരണത്തിനെത്തുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

വാക്‌സിനുള്ള രണ്ടാം ഘട്ടവും മൂന്നാം ഘട്ടത്തിലെ മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങളും നടത്താൻ പൂനെ ആസ്ഥാനമായുള്ള എസ്‌ഐഐ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി തേടിയിട്ടുണ്ട്. അന്തിമ അനുമതിക്ക് മുമ്പുതന്നെ വാക്സിൻ നിർമ്മിക്കാൻ തുടങ്ങുമെന്ന് സ്ഥാപനം നേരത്തെ പറഞ്ഞിരുന്നു. അതിനാൽ വാക്സിൻ എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞാൽ അത് ഗണ്യമായ അളവിൽ വാക്സിൻ പുറത്തിറക്കാനാവുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ജലദോഷത്തിന്റെ ദുർബലമായ പതിപ്പിൽ നിന്നാണ് വാക്സിൻ നിർമ്മിക്കുന്നത്.

ഓഗസ്റ്റ് മൂന്നിനാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രാജ്യത്ത് മനുഷ്യരിൽ കോവിഡ് വാക്സിന്റെ പരീക്ഷണത്തിന് അനുമതി നൽകിയത്. വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. മൂന്നാം ഘട്ടത്തിൽ 1500ഓളം ആളുകളിൽ വാക്സിൻ പരീക്ഷിക്കും.

ഭാരിതി വിദ്യാപീഠ് ഉൾപ്പടെ നാല് കേന്ദ്രങ്ങളിലാണ് വാക്സിന്റെ പരീക്ഷണം പുരോഗമിക്കുക. കെഇഎം ഹോസ്പിറ്റൽ, ജെഹാൻങ്കിർ ഹോസ്പിറ്റിൽ, ബിജെ മെഡിക്കൽ കോളെജ് എന്നിവിടങ്ങളിലാണ് പരീക്ഷണം നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ നൂറു പേരിലാണ് വാക്സിൻ പരീക്ഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook