ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം തന്നെ വൈറസിനെതിരായ വാക്സിൻ കണ്ടെത്തുന്നതിനും ആരോഗ്യ മേഖല വലിയ പ്രാധാന്യം നൽകുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് ലാബുകളിലാണ് വാക്സിനായുള്ള പഠനങ്ങളും പരീക്ഷണങ്ങളും പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നുള്ള കോവിഡ് പ്രതിരോധത്തിനായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ടിഎം(COVAXIN™️) മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. ഈ അനുമതി ലഭിച്ച ആദ്യത്തെ തദ്ദേശീയ കോവിഡ് -19 വാക്സിൻ എന്ന പ്രത്യേകതയും കോവാക്സിനുണ്ട്.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിനിലെ പ്രീ-ക്ലിനിക്കൽ പഠനങ്ങളിൽ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും പ്രകടിപ്പിച്ച ശേഷമാണ് കമ്പനിക്ക് അനുമതി ലഭിച്ചതെന്ന് ഭാരത് ബയോടെക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായാണ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുക. ഇതിന്റെ ആദ്യ ഘട്ടം ജൂലൈയിൽ തന്നെ ആരംഭിക്കും. ഇറ്റലി, ബ്രസീൽ ഉൾപ്പടെ പല രാജ്യങ്ങളും ഇതിനോടകം വികസിപ്പിച്ച വാക്സിനുകൾ ജനങ്ങളിൽ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. മറ്റ് ഇന്ത്യൻ സ്ഥാപനങ്ങളായ സൈഡസ് കാഡില, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കോവിഡ് -19 വാക്സിനുകൾ വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. എന്നാൽ ഇവരുടെ പഠനങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്.