ന്യൂഡൽഹി: രാജ്യത്ത് മാർച്ചിൽ കോവിഡ് വാക്‌സിൻ ലഭ്യമാക്കാൻ സാധിക്കുമെന്ന് സിറം ഇൻസ്‌റ്റിറ്റ‌്യൂട്ട്. മാർച്ചോടെ കോവിഡ് വാക്‌സിൻ വാക്‌സിൻ പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിറം ഇൻസ്‌റ്റിറ്റ‌്യൂട്ട് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സുരേഷ് ജാദവ് പറഞ്ഞു.

Read Also: മഞ്ഞുകാലത്ത് കൊറോണ വൈറസിന്റെ സ്വാധീനം എങ്ങിനെയായിരിക്കും?

വാക്‌സിൻ ലഭ്യമാക്കാനുള്ള പരീക്ഷണങ്ങൾ ഊർജിതമായി നടക്കുകയാണ്. നിരവധി വാക്‌സിനുകളാണ് പരീക്ഷണത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം മൂന്നാം ഘട്ട പരീക്ഷണത്തിലൂടെ കടന്നുപോകുകയാണെന്നും സുരേഷ് ജാദവ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ഒരു വാക്‌സിൻ രണ്ടാംഘട്ട പരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

“വാക്‌സിൻ പരീക്ഷണങ്ങളിൽ ഉയർച്ച താഴ്‌ച്ചകളുണ്ട്. കോവിഡ്-19 നെതിരായ വാക്‌സിൻ 2021 രണ്ടാം പാദത്തോടെ തയ്യാറാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 2021 ജനുവരിയോടെ ആദ്യ ഫലങ്ങൾ കാണാൻ കഴിയുമെന്നാണ് വിചാരിക്കുന്നത്,” ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞൻ ഡോ.സൗമ്യ സ്വാമിനാഥൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

Read Also: കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണം; ജനഹിത പരിശോധനയുമായി രാജ്യം

“നിലവിലെ രീതിയിൽ മുന്നോട്ടുപോയാൽ 2020 ഡിസംബറോടെ 700-800 ദശലക്ഷം വാക്‌സിൻ ഡോസുകൾ ഉത്‌പാദിപ്പിക്കാൻ സാധിക്കും. ആരോഗ്യപ്രവർത്തകർക്കും അറുപത് വയസിനു താഴെയുള്ളവർക്കും ആദ്യം വാക്‌സിൻ എത്തിക്കാനാണ് ആലോചന, അതിനുശേഷം മറ്റുള്ളവർക്കും. ലൈസൻസിംഗ് ക്ലിയറൻസിനുശേഷം 2021 ൽ വാക്‌സിൻ വിപണിയിലെത്തിക്കാൻ സാധിക്കും. അതിനുശേഷം, കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ഞങ്ങൾ കൂടുതൽ കൂടുതൽ ഡോസുകൾ നിർമ്മിക്കും” സുരേഷ് ജാദവ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook