ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നു. വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച ചർച്ച ഇപ്പോഴും തുടരുകയാണ്. വാക്സിൻ വിതരണത്തിന്റെ ഒന്നാം ഘട്ടത്തിലെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കാണ് ഒന്നാം ഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുന്നത്.

ലോകത്ത് ഇപ്പോൾ നിലവിലുള്ള വാക്സിനുകളിൽ ഏറ്റവും ഫലപ്രാപ്തിയുള്ളവയാണ് ഇന്ത്യയിൽ നിർമിച്ച രണ്ട് വാക്സിനുകളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ അനുമതി ലഭിച്ചതിന് പുറമെ നാല് വാക്സിനുകൾ കൂടി പരീക്ഷണ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിനേഷനായുള്ള സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകൾ പ്രധാനമന്ത്രി വിലയിരുത്തി. വാക്സിൻ വിതരണത്തിനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയിരിക്കുന്ന രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ധരിപ്പിച്ചു. വാകോവിഡ് വാക്‌സിൻ വിതരണത്തിനു മുന്നോടിയായുള്ള ഡ്രൈ റണ്‍ രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.

രാജ്യത്ത് 736 ജില്ലകളിലായാണ് കോവിഡ് വാക്സിൻ രണ്ടാം ഘട്ട ഡ്രൈ റണ്‍ നടന്നത്. കോവിഡ് വാക്‌സിൻ കുത്തിവയ്‌പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നും രാജ്യത്തെ മുഴുവൻ ജനങ്ങളെയും വാക്‌സിനേറ്റ് ചെയ്യാൻ സാധിക്കുന്നവിധം കാര്യങ്ങൾ ക്രമീകരിക്കാൻ സാധിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‌വർധൻ നേരത്തെ അറിയിച്ചിരുന്നു.

Read More: വാക്സിൻ വിതരണത്തിനൊരുങ്ങി രാജ്യം; തയ്യാറെടുപ്പുകൾ ഇങ്ങനെ

ആരോഗ്യസംരക്ഷണ പ്രവര്‍ത്തകരും കോവിഡ് മുന്നണിപ്പോരാളികളുമായ മൂന്നു കോടിയിലധികം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന. തുടര്‍ന്ന് 50 വയസിന് മുകളിലുള്ളവരും 50 വയസിനു താഴെയുള്ള വിവിധ തരത്തിലുള്ള അസുഖബാധിതരും ഉള്‍പ്പെടെ 27 കോടി പേര്‍ക്കും വാക്‌സിന്‍ നല്‍കും.

ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രസെനക്ക വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ തദ്ദേശീയ നിര്‍മിത കോവാക്സിന്‍ എന്നീ രണ്ട് കോവിഡ് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിനു ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അടുത്തിടെ അനുമതി നല്‍കിയിരുന്നു. ഇതില്‍ കോവിഷീല്‍ഡ് വാക്‌സിനായിരിക്കും ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുക. മൂന്നാം ഘട്ട പരീക്ഷണം നടത്താതെ കോവാക്സിന് അനുമതി നല്‍കിയതിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇവയുടെ വിതരണം പിന്നീടായിരിക്കാനാണു സാധ്യത.

കേരളത്തിൽ ആദ്യദിനം 13,300 പേര്‍ക്കാണു വാക്‌സിന്‍ നല്‍കുക. മൊത്തം 133 കേന്ദ്രങ്ങളാണ് വാക്‌സിന്‍ വിതരണത്തിനു സജ്ജമാക്കിയിരിക്കുന്നത്. എറണാകുളത്ത് പന്ത്രണ്ടും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതവും കേന്ദ്രങ്ങളുണ്ടാവും. മറ്റു ജില്ലകളില്‍ ഒന്‍പതു വീതം കേന്ദ്രങ്ങളാണുണ്ടാവുക. ഓരോ കേന്ദ്രത്തിലും നൂറുപേര്‍ വീതമായിരിക്കും വാക്‌സിന്‍ നല്‍കുക. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook