ന്യൂഡൽഹി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സുദിനമാണ് ഇന്ന്. രാജ്യത്ത് കോവിഡ് വാക്‌സിനേഷനു തുടക്കമായി. ഒന്നാംഘട്ട വാക്‌സിൻ വിതരണമാണ് ഇന്ന് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴിയാണ് കോവിഡ് വാക്‌സിൻ വിതരണം ഉദ്ഘാടനം ചെയ്തത്.

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് പ്രധാനമന്ത്രി ആദരം അർപ്പിച്ചു. സ്വന്തം കുടുംബങ്ങളെ പോലും അവഗണിച്ചാണ് ആരോഗ്യപ്രവർത്തകർ കോവിഡിനെതിരായ പോരാട്ടത്തിൽ അണിനിരന്നതെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ആരോഗ്യപ്രവർത്തകരെ കുറിച്ച് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി വികാരാധീനനായി.

സാധാരണ രീതിയിൽ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഒരുപാട് വർഷങ്ങൾ വേണം. എന്നാൽ, വളരെ ചെറിയ സമയംകൊണ്ട് നമ്മൾ രണ്ട് ഇന്ത്യൻ നിർമിത വാക്സിനുകൾ പുറത്തിറക്കി. അടുത്ത വാക്സിൻ പുറത്തിറക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഒരു മാസത്തെ ഇടവേളയിൽ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാണെന്ന് പ്രധാനമന്ത്രി. രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാണെന്ന് ജനങ്ങളെ ഓർമിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചാലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് തുടരണം. മാസ്‌ക് വയ്‌ക്കാതെയും സാമൂഹിക അകലം പാലിക്കാതെയും വീഴ്‌ചകൾ ഉണ്ടാക്കരുതെന്ന് പ്രധാനമന്ത്രി അപേക്ഷിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച ശേഷമേ പ്രതിരോധശേഷി കൃത്യമായി കൈവരിക്കാൻ സാധിക്കൂവെന്നും പ്രധാനമന്ത്രി.

ഇത്ര വലിയൊരു വാക്‌സിൻ വിതരണം ചരിത്രത്തിൽ മുൻപൊന്നും സംഭവിച്ചിട്ടില്ല. ആദ്യ ഘട്ടത്തിൽ തന്നെ മൂന്ന് കോടി പേരിലാണ് വാക്സിൽ കുത്തിവയ്‌പ് ഇന്ത്യ നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ 30 കോടി ആളുകളിൽ വാക്സിൻ കുത്തിവയ്‌പ് നടത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ നമ്മൾ ഒരുപാട് കാര്യങ്ങൾ പുതിയത് മനസിലാക്കുകയും പഠിക്കുകയും ചെയ്തു. കോവിഡ് നിരവധി പേരെ സ്വന്തം കുടുംബങ്ങളിൽ നിന്ന് അകറ്റി നിർത്തി. കോവിഡ് ബാധിച്ച് മരിച്ച പ്രിയപ്പെട്ടവർക്ക് കൃത്യമായ ആചാരങ്ങൾ നടത്തി ആദരാഞ്ജലികൾക്ക് അർപ്പിക്കാൻ പോലും നമുക്ക് സാധിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also: കോവിഡ് വാക്‌സിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി: ആരോഗ്യമന്ത്രി

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. കുപ്രചാരണങ്ങൾക്ക് ചെവികൊടുക്കരുത്. വാക്‌സിനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകൾ പരത്തുന്നവരെ ശ്രദ്ധിക്കുകയുമരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ലോകത്തിനു നിരവധി മാതൃകകൾ നൽകി. വന്ദേ ഭാരത് മിഷനിലൂടെ ഇന്ത്യക്കാരെ മാത്രമല്ല മറ്റ് രാജ്യങ്ങളിലുള്ളവരെയും രക്ഷിച്ചെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook