scorecardresearch
Latest News

രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു; പ്രത്യേക സജ്ജീകരണങ്ങളുമായി കേരളവും

ഇതുവരെ ഏഴ് ലക്ഷത്തിലധികം കുട്ടികളാണ് കോവിൻ വഴി വാക്സിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്

covid, covid vaccine, ie malayalam

ന്യൂഡൽഹി/തിരുവനന്തപുരം: രാജ്യത്തെ പതിനഞ്ചിനും പതിനെട്ടിനുമിടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു. 2007 ലോ അതിനു മുൻപോ ജനിച്ചവർക്കാണ് വാക്‌സിൻ നൽകുന്നത്. ഇതുവരെ ഏഴ് ലക്ഷത്തിലധികം കുട്ടികളാണ് കോവിൻ വഴി വാക്സിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇവർക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ആണ് നൽകുക. 28 ദിവസത്തിനു ശേഷം രണ്ടാം ഡോസും നൽകും. കോവിഡിന്റെ ഒമിക്രോൺ വകഭേദം ദ്രുതഗതിയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ കുട്ടികൾക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചത്. 

സംസ്ഥാനങ്ങളിലെല്ലാം കുട്ടികൾക്കുള്ള വാക്സിനേഷനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ വാക്‌സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ജനുവരി 10 വരെ ബുധനാ‍ഴ്‌ച ഒ‍ഴികെയുള്ള ആറ് ദിവസങ്ങളിലും വാക്‌സിനേഷൻ കേന്ദ്രങ്ങൾ രാവിലെ 9 മണിമുതൽ അഞ്ച് മണിവരെ പ്രവർത്തിക്കും. കുട്ടികളുടെ പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കോവാക്‌സിൻ മാത്രമാകും നൽകുക. ജനറൽ/ജില്ലാ/താലൂക്ക്/സിഎച്ച്‌സി എന്നിവിടങ്ങളിൽ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉണ്ടായിരിക്കും.

പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമേ വാക്‌സിനേഷൻ ഉണ്ടാകൂ. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഡോക്ട‌ർമാരുടെ സേവനം ലഭ്യമാണ്. കോവിഡ് വന്നിട്ടുള്ള കുട്ടികൾ മൂന്ന് മാസം കഴിഞ്ഞ് വാക്‌സിൻ സ്വീകരിച്ചാൽ മതി. ആധാർ, സ്‌കൂൾ ഐ ഡി കാർഡ് എന്നിവ ഉപയോഗിച്ച് ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ ക‍ഴിയാത്തവർക്ക് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തി രജിസ്റ്റർ ചെയ്‌ത് വാക്‌സിൻ സ്വീകരിക്കാം.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ഈ ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Also Read: കുട്ടികളുടെ വാക്‌സിനേഷൻ രാവിലെ ഒമ്പത് മുതൽ; സംസ്ഥാനം സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid vaccination for 15 18 year age group from today