ന്യൂഡൽഹി: 15-18 വയസ്സുകാർക്കുള്ള വാക്സിനേഷൻ നാളെ തുടങ്ങും. രാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തിൽ കുട്ടികളുടെ വാക്സിനേഷൻ ഏറെ നിർണായകമാണ്. കോവിൻ ഡാഷ്‌ബോർഡിലെ കണക്കുകൾ പ്രകാരം, ശനിയാഴ്ച രാത്രി 11.30 വരെ 3,15,416 പേരാണ് വാക്സിനായി രജിസ്റ്റർ ചെയ്തത്. ഇന്നലെ രാവിലെയാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്.
വാക്സിനേഷന് യോഗ്യതയുള്ള കുട്ടികൾക്ക് സ്ലോട്ട് രജിസ്റ്റർ ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. കുട്ടികൾ സുരക്ഷിതരാണെങ്കിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഔദ്യോഗിക കണക്കുകൾ പ്രകാരം 15-18 വയസ്സിനിടയിലുള്ള 10 കോടി കുട്ടികളാണ് വാക്സിനേഷന് യോഗ്യരായിട്ടുള്ളത്. ഇവർക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസുകളായി നൽകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Also Read: കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്നു മുതൽ; എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
കോവിഡിന്റെ ഒമിക്രോൺ വകഭേദം ദ്രുതഗതിയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ കുട്ടികൾക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചത്. ശനിയാഴ്ച 22,775 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം ഇതോടെ 1,04,781 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 1431 ഒമൈക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിൻ കണക്കനുസരിച്ച് ശനിയാഴ്ച വരെ ഇന്ത്യയിൽ 145.46 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്.
കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് കൂടാതെ, ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് ഡിസംബർ 25ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 60 വയസ്സിനു മുകളിലുള്ള പൗരന്മാർക്കും ജനുവരി 10 മുതൽ ബൂസ്റ്റർ ലഭ്യമാകും.