ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് -19 നെതിരായ പ്രതിരോധ കുത്തിവയ്പ് 16 ന്് ആരംഭിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍. ആരോഗ്യസംരക്ഷണ പ്രവര്‍ത്തകരും കോവിഡ് മുന്നണിപ്പോരാളികളുമായ മൂന്നു കോടിയിലധികം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന. തുടര്‍ന്ന് 50 വയസിന് മുകളിലുള്ളവരും 50 വയസിനു താഴെയുള്ള വിവിധ തരത്തിലുള്ള അസുഖബാധിതരും ഉള്‍പ്പെടെ 27 കോടി പേര്‍ക്കും വാക്സിന് നല്‍കും. ലോഹ്രി, മകരസംക്രാന്തി, പൊങ്കല്‍, മാഗ് ബിഹു തുടങ്ങിയ ഉത്സവങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ വാക്സിന് ഡ്രൈവ് ആരംഭിക്കുന്നത്.
കോവിഡ് വാക്സിനേഷനുവേണ്ടി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടന്ന തയാറെടുപ്പും രാജ്യത്തെ കോവിഡ് -19 ന്റെ സ്ഥിതിയും ഉന്നതതല സമിതി അവലോകനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Read More: കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്: അറിയേണ്ടതെല്ലാം
ഓക്സ്ഫോര്‍ഡ്-അസ്ട്രസെനക്ക വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ തദ്ദേശീയ നിര്‍മിത കോവാക്സിന് എന്നീ രണ്ട് കോവിഡ് വാക്്സിനുകളുടെ അടിയന്തര ഉപയോഗത്തിനു ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അടുത്തിടെ അനുമതി നല്‍കിയിരുന്നു. ഇതില്‍ കോവിഷീല്‍ഡ് വാക്സിനായിരിക്കും ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുക. മൂന്നാം ഘട്ട പരീക്ഷണം നടത്താതെ കോവാക്സിന് അനുമതി നല്‍കിയതിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇവയുടെ വിതരണം പിന്നീടായിരിക്കാനാണു സാധ്യത.
കോവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ 11 ന് മുഖ്യമന്ത്രിമാരുടെ യോഗം ചേരും. വാക്സിന് വിതരണത്തിനായുള്ള വിവിധ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങള്‍ പ്രധാനമന്ത്രി ഈ യോഗത്തില്‍ വിലയിരുത്തും. വാക്സിന് വിതരണത്തിന്റെ മുന്‍ഗണനാക്രമത്തെ കുറിച്ചും തീരുമാനമാകും. കോവിഡ് വാക്സിന് വിതരണത്തിനു മുന്നോടിയായുള്ള ഡ്രൈ റണ്‍ രണ്ടാം ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ആദ്യദിനം 13,300 പേര്‍ക്കാണു വാക്സിന് നല്‍കുക. മൊത്തം 133 കേന്ദ്രങ്ങളാണ് വാക്സിന് വിതരണത്തിനു സജ്ജമാക്കിയിരിക്കുന്നത്. എറണാകുളത്ത് പന്ത്രണ്ടും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതവും കേന്ദ്രങ്ങളുണ്ടാവും. മറ്റു ജില്ലകളില്‍ ഒന്‍പതു വീതം കേന്ദ്രങ്ങളാണുണ്ടാവുക. ഓരോ കേന്ദ്രത്തിലും നൂറുപേര് വീതമായിരിക്കും വാക്സിന് നല്‍കുക. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുന്നത്.
Read More: കോവിഡ് വാക്സിന്: ഡ്രൈ റണ്‍ രണ്ടാംഘട്ടം പൂർത്തിയായി
കോവിഡ് വാക്സിനേഷനായി ഇതുവരെ 3,51,457 പേരാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ആരോഗ്യ വകുപ്പിന് ലഭിച്ച 100 ശതമാനം പേരുടേയും രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും രജിസ്ട്രേഷന് പുരോഗമിക്കുകയാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
വാക്സിന് വിതരണത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ലാര്‍ജ് ഐ.എല്‍.ആര്. 20, വാസ്കിന് കാരിയര്‍ 1800, കോള്‍ഡ് ബോക്സ് വലുത് 50, കോള്‍ഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്പോസബിള്‍ സിറിഞ്ചുകള്‍ എന്നിവ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇവ ജില്ലാടിസ്ഥാനത്തില്‍ വിതരണം ചെയ്തുവരികയാണ്.
മനുഷ്യരാശിയുടെ സംരക്ഷണത്തിനായി രണ്ട് വാക്സിനുകളുമായി ഇന്ത്യ തയാറാണെന്നും ആഗോളതലത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയപ് പരിപാടി എങ്ങനെ നടത്തുന്നുവെന്ന് ലോകം നിരീക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി മോദി തന്റെ പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.