ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണം പോലും സ്ഥിരീകരിക്കാത്ത 18 സംസ്ഥാനങ്ങളുണ്ട്. കോവിഡ് വ്യാപന ആശങ്ക കുറയുന്നതിന്റെ തെളിവാണിത്. ദേശീയ തലത്തിൽ ഇപ്പോൾ കോവിഡ് പോസിറ്റിവിറ്റി റേറ്റ് 5.22 ശതമാനം മാത്രമാണ്. എന്നാൽ, അഞ്ച് സംസ്ഥാനങ്ങൾ ആശങ്കയ്‌ക്ക് വക നൽകുന്നു. ദിനംപ്രതിയുള്ള കോവിഡ് പോസിറ്റീവ് കേസുകളിൽ ഈ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ രോഗികളെ സംഭവാന ചെയ്യുന്നത്.
കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 6,112 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന നമ്പർ. മഹാരാഷ്ട്രയിൽ നിന്നു എത്തുന്ന ആളുകൾക്ക് കർണാടകയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടകയിൽ നിന്നു എത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് വേണം. കോവിഡ് നെഗറ്റീവ് ആണെങ്കിൽ മാത്രമേ മഹാരാഷ്ട്രയിൽ നിന്നുള്ളവർക്ക് കർണാടകയിൽ പ്രവേശിക്കാൻ സാധിക്കൂ. കേരളത്തിൽ നിന്നു എത്തുന്നവർക്കും സമാനമായ നിയന്ത്രണം കർണാടക ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
അഞ്ച് ജില്ലകളിൽ മഹാരാഷ്ട്ര നിയന്ത്രണം കടുപ്പിച്ചു. ഇതിൽ രണ്ട് ജില്ലകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും നിയന്ത്രണങ്ങൾ പാലിക്കാത്ത പക്ഷം വീണ്ടും ഒരു സമ്പൂർണ ലോക്ക്ഡൗൺ വേണ്ടിവരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,505 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരാഴ്‌ച മുൻപ് അയ്യായിരത്തിൽ കൂടുതൽ പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്‌ചയിൽ നിന്നു വ്യത്യസ്തമായി രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.
രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് മരണങ്ങളിൽ 87.22 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇന്ത്യയിൽ നിലവിലുള്ള ആക്‌ടീവ് കേസുകളിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്. 60,087 രോഗികളാണ് ഇപ്പോൾ കേരളത്തിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ 45,957 ആക്ടീവ് കേസുകളാണ് ഇപ്പോൾ ഉള്ളത്.
“വൈറസ് എങ്ങോട്ടും പോയിട്ടില്ല. കൊറോണ വൈറസ് ഇപ്പോഴും രാജ്യത്തെ ജനങ്ങളെ ബാധിക്കുന്നുണ്ട്. രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. അതീവ ജാഗ്രത തുടരണം. കണക്കുകൾ ഇപ്പോഴും ആശങ്ക നൽകുന്നുണ്ട്,” നീതി ആയോഗ് അംഗം വി.കെ.പോൾ പറഞ്ഞു.