ന്യൂഡല്‍ഹി: ചൈനയിലും മറ്റു രാജ്യങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പോസിറ്റീവ് സാമ്പിളുകളുടെ ജീനോം ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. വാര്‍ത്താ ഏജന്‍സിയായ പി ടി ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
”ജപ്പാന്‍, അമേരിക്ക, റിപ്പബ്ലിക് ഓഫ് കൊറിയ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളിലെ കോവിഡ് കേസുകളുടെ പെട്ടെന്നുള്ള കുതിച്ചുചാട്ടം കണക്കിലെടുത്ത്, വൈറസ് വകഭേദങ്ങള്‍ കണ്ടെത്തുന്നതിനു പോസിറ്റീവ് കേസ് സാമ്പിളുകളുടെ മുഴുവന്‍ ജീനോം സീക്വന്‍സിങ് ഇന്ത്യന്‍ സാര്‍സ്-കോവ്-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം (ഇന്‍സകോഗ്) ശൃംഖല വഴി നടത്തേണ്ടത് അത്യാവശ്യമാണ്,”സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
ദിനം പ്രതി എല്ലാ പോസിറ്റീവ് കേസുകളുടെയും സാമ്പിളുകള്‍ നിര്‍ദേശിക്കപ്പെട്ട ഇന്‍കോഗ് ജീനോം ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നു ആരോഗ്യ സെക്രട്ടറി കത്തില്‍ പറഞ്ഞു. ഇത്തരമൊരു നടപടി, വൈറസിന്റെ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് പടരുന്നുണ്ടെങ്കില്‍ സമയബന്ധിതമായി കണ്ടെത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ സാര്‍സ്-കോവ്-2 വകഭേദങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംശയാസ്പദമായതും സ്ഥിരീകരിച്ചതുമായ കേസുകളുടെ നേരത്തേയുള്ള കണ്ടെത്തല്‍, ഐസൊലേഷന്‍, ടെസ്റ്റ് ചെയ്യല്‍, സമയബന്ധിതമായി കൈകാര്യം ചെയ്യല്‍ എന്നിവയ്ക്ക് ആരോഗ്യ സെക്രട്ടറി നിര്‍ദേശിച്ചു.
കോവിഡ് 19 ഉയര്‍ത്തുന്ന പൊതുജനാരോഗ്യ വെല്ലുവിളി ഇപ്പോഴും ലോകമെമ്പാടും ആഴ്ചയില്‍ 35 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു. പരിശോധന, കണ്ടെത്തല്‍, ചികിത്സ, വാക്സിനേഷന്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നതു പിന്തുടരല്‍ എന്നിങ്ങനെയുള്ള ഇന്ത്യയുടെ ഇന്ത്യയുടെ അഞ്ചുതല തന്ത്രവും അത് ആഴ്ചതോറുമുള്ള കേസുകള്‍ 1,200ലേക്കു പരിമിതപ്പെടുത്തുന്നതിലെ ഫലപ്രാപ്തിയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യമന്ത്രാലയം ജൂണില്‍ പുറപ്പെടുവിച്ച പുതുക്കിയ ജാഗ്രതാ തന്ത്രത്തിന്റെ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ പരാമര്‍ശിച്ച അദ്ദേഹം, നിലവിലുള്ള വകഭേദങ്ങുടെ പ്രവണതകള്‍ നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ചൈനയില്‍ കോവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസവും കുതിച്ചുയരുകയാണ്. ഒമൈക്രോണിന്റെ പുതിയ വകഭേദങ്ങളാണ് ഇപ്പോഴത്തെ സാഹചര്യത്തിനു കാരണമാകുന്നത്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് കര്‍ശന വൈറസ് നിയന്ത്രണങ്ങള്‍ ഈ മാസമാദ്യം ചൈന പിന്‍വലിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഏഴ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഒമൈക്രോണിന്റെ ഉയര്‍ന്ന വ്യാപനശേഷിയുള്ള ബിഎ.5.2, ബിഎഫ്.7 എന്നീ വകഭേദങ്ങളാണു ചൈനീസ് നഗരങ്ങളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍.