/indian-express-malayalam/media/media_files/uploads/2021/05/UP-Covid-1.jpg)
ലക്‌നൗ: കോവിഡിന്റെ രണ്ടാം തരംഗത്ത ഉത്തർപ്രദേശ് സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയിൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കിടയിൽ അതൃപ്തി. സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ചോദ്യം ചെയ്ത് ഒരു കൂട്ടം എംഎൽഎമാരും എംപിമാരും രംഗത്തെത്തി. ആശുപത്രികളിലെ കിടക്കകളുടെ കുറവുകൾ മുതൽ അവരുടെ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള എസ്ഒഎസ് കോളുകൾ കൈകാര്യം ചെയ്യുന്നതിൽ വരെ അധികാരികൾ അലംഭാവം കാണിക്കുന്നതായാണ് ഇവരുടെ പരാതി.
ഈ പരാതികൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചകളിൽ ജനപ്രതിനിധികൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. കോവിഡ് മുക്തനായ മുഖ്യമന്ത്രി സംസ്ഥാനത്തെ ഹോട്സ്പോട്ടുകളിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ജില്ലകളിലേക്ക് യാത്ര ചെയ്യാൻ ആരംഭിക്കാനിരിക്കുമ്പോഴായിരുന്നു ഇത്.
കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ഗാങ്വര്‍ കഴിഞ്ഞ മേയ് ആറിന് തന്റെ ലോക്‌സഭാ മണ്ഡലത്തിൽ സർക്കാരിന്റെ മോശം കോവിഡ് പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി ആദിത്യനാഥിന് കത്തയച്ചിരുന്നു. അതിന്റെ ഭാഗമായി ബറേലിയിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തി.
അതിനു മുൻപ് ഉത്തർപ്രദേശിലെ കാബിനറ്റ് മന്ത്രിയും ലക്‌നൗ എംഎൽഎയുമായ ബ്രിജേഷ് പഥക്, കോവിഡ് ബാധിച്ചു മരിച്ച ബറേലി എംഎൽഎ കേസർ സിങ്, കോവിഡ് മൂലം സഹോദരനെ നഷ്ടപ്പെട്ട മോഹൻലാൽഗഞ്ജ് എംഎൽഎ കൗശൽ കിഷോർ, ബസ്തി എംപി ഹൈഷ് ദ്വിവേദി, ബദോഹിയിലെ എംഎൽഎ ദിനനാഥ് ഭാസ്കർ, കാൺപൂർ എംപി സത്യദേവ് പച്ചൗരി എന്നിവരും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കോവിഡ് നേരിടുന്നതിൽ സംസ്ഥാന സർക്കാരിന് ഉണ്ടായ വീഴ്ചയും, ഓക്സിജനും ആശുപത്രി കിടക്കകളും ചോദിച്ചുള്ള ജനങ്ങളുടെ വിളികൾക്ക് നിസ്സഹായതയോടെ കേൾക്കേണ്ടി വന്നതും ചൂണ്ടിക്കാണിച്ചായിരുന്നു കത്ത്.
Read Also: കോവിഡ് രണ്ടാം തരംഗ വ്യാപനം കൂടുതൽ ഗ്രാമങ്ങളിൽ, 30 ജില്ലകളിൽ കേസുകൾ കുത്തനെ ഉയരുന്നു
രണ്ടാം തരംഗം ആരംഭിച്ചതിനു പിന്നാലെ നാല് എംഎൽഎമാർ കോവിഡ് മൂലം മരിച്ചതും പാർട്ടിയുടെയും നഷ്ടമാണ്. ലക്‌നൗ വെസ്റ്റിലെ സുരേഷ് ശ്രീവത്സാവ, റെയ്‌ബറേലിയിലെ ദാൽ ബഹദൂർ കോരി, ബറേലിയിലെ കേസർ സിങ്, ഒരയ്യായിലെ രമേശ് ദിവകർ തുടങ്ങിയവരാണ് കോവിഡ് മൂലം മരിച്ചത്.
കോവിഡ് പോസിറ്റീവായ ബിജെപിയുടെ ഫിറോസാബ്ദ് എംഎൽഎ പപ്പു ലോധി, ഞായറാഴ്ച തന്റെ കോവിഡ് പോസിറ്റീവായ ഭാര്യയ്ക്ക് കിടക്ക ലഭിക്കാൻ രണ്ട്-മൂന്ന് മണിക്കൂർ ആഗ്രയിലെ എസ്എൻ മെഡിക്കൽ കോളേജിൽ താഴെ കിടക്കേണ്ടി വന്നുവെന്ന വിവരം വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളതിൽ നാലാം സ്ഥാനത്തുള്ള യുപിയിൽ ആരോഗ്യ മേഖലയിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന പരാതി ഉയരുന്നുണ്ട്. ലക്‌നൗ, കാൺപൂർ, വാരണാസി, പ്രയാഗർജ്, മീററ്റ്, ഗൗതം ബുദ്ധ നഗർ, ഗോരഖ്‌പൂർ, ഗാസിയാബാദ്, ബറേലി, മൊറാദാബാദ് തുടങ്ങിയ ജില്ലകളിലാണ് സ്ഥിതി ഏറ്റവും മോശം. ഇവിടെ നിന്ന് തന്നെയാണ് ബിജെപിയുടെ ഏറ്റവും വലിയ നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എന്നിവരൊക്കെ ജയിച്ചു വന്നിരിക്കുന്നത്. ഇവരുടെ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലകളിലാണ് സംസ്ഥാനത്തിന്റെ പകുതിയിലധികം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മണ്ഡലങ്ങളിലെ ജനങ്ങൾ ആവശ്യപ്പെടുന്ന സഹായങ്ങൾ ഒരുപാട് ആയതിനാൽ അത് ചെയ്ത് കൊടുക്കാൻ സാധിക്കുന്നില്ലെന്നാണ് സംസ്ഥാനത്തെ ചില ബിജെപി നേതാക്കൾ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞത്. എന്നാൽ മോഹൻലാൽഗഞ്ചിലെ എംപിയായ കൗശൽ കിഷോർ, കഴിഞ്ഞ മൂന്ന് ദിവസമായി സാഹചര്യത്തിൽ മാറ്റമുണ്ടെന്ന് പറഞ്ഞപ്പോൾ മീററ്റ് എംപി രാജേന്ദ്ര അഗർവാൾ പറഞ്ഞത് സർക്കാർ ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് സൗകര്യങ്ങൾ ഉണ്ടാക്കാൻ സമയത്തിന് പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ് എന്നാണ്.
Read Also:കോവിഡ് വാക്സിന്‍ വൈകാനുള്ള കാരണങ്ങള്‍
ഗ്രാമപ്രദേശങ്ങളിലെ കോവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്നാണ് ചില എംപിമാരുടെ അഭിപ്രായം. ചില സ്ഥലങ്ങളിൽ കേസുകൾ രേഖപ്പെടുത്താതെ പോകുന്നുണ്ടെന്ന് അവർ പറയുന്നു. "ഗ്രാമങ്ങളിലെ ആളുകൾ ഇതിനെ കുറിച്ച് ബോധവാന്മാരല്ല, ആളുകൾ ഹോസ്പിറ്റലിൽ പോകുന്നില്ല. ഇവിടങ്ങളിലെ രോഗികളുടെ എണ്ണം വർധിക്കുകയാണ്. അവരെ ബോധവത്കരിക്കാൻ ശ്രമിക്കുകയാണ്" എംപി കൗശൽ കിഷോർ പറഞ്ഞു.
ബിജെപി നേതാവും ഫൈസാബാദ് എംപിയുമായ ലല്ലു സിങ് പറഞ്ഞത് കഴിഞ്ഞ മൂന്ന് ദിവസമായി സ്ഥിതി അൽപം മെച്ചപ്പെടുന്നുണ്ടെന്നാണ്. "ദിവസേന എനിക്ക് രാത്രി ഒരു മണി വരെ 150 കോളുകൾ എങ്കിലും വരുമായിരുന്നു. അതിപ്പോൾ 20-25 ആയി കുറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ സമയത്ത് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആവശ്യങ്ങൾ മനസിലാക്കുന്നുണ്ട്. ഓക്സിജൻ ഉല്പാദന കേന്ദ്രങ്ങൾ നിർമ്മിച്ചു കഴിഞ്ഞു." സിങ് പറഞ്ഞു.
കാൺപൂരിലെ കിടാവായ് നഗറിർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ മഹേഷ് ത്രിവേദിയും കഴിഞ്ഞ 4-5 ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടുവെന്ന അഭിപ്രായമാണ് പറഞ്ഞത്. "നേരത്തെ എന്റെ ഓഫീസിൽ 250-300 കോളുകൾ ദിവസേന ജനങ്ങളിൽ നിന്നും വന്നിരുന്നു, ആശുപത്രി കിടക്കകൾ ചോദിച്ച്, മരുന്നും ഓക്സിജൻ സിലിണ്ടറുകളും ആവശ്യപ്പെട്ട് എന്നാൽ ഇപ്പോൾ 8-10 കോളുകൾ മാത്രമാണ് ദിവസേന വരുന്നത്" ത്രിവേദി പറഞ്ഞു.
സംസ്ഥാന സർക്കാരും അവരുടെ ഭാഗത്തു നിന്ന് സ്ഥിതി മെച്ചപ്പെടുത്തിയെന്നാണ് പറയുന്നത്. "രണ്ടാം തരംഗത്തിൽ എല്ലാം പെട്ടെന്നായിരുന്നു, അത് രാജ്യത്തിനും സംസ്ഥാനത്തിനും വെല്ലുവിളിയായി. എന്നാൽ ഇപ്പോൾ സ്ഥിതി നിയന്ത്രണത്തിലാണ്. കഴിഞ്ഞ 10 ദിവസത്തിൽ സംസ്ഥാനത്തെ രോഗികൾ 85000 കുറഞ്ഞു" ആദിത്യനാഥ് അയോധ്യയിൽ തിങ്കളാഴ്ച പറഞ്ഞു.
Read Also:ദിനംപ്രതി ആയിരത്തോളം കേസുകൾ, കോവിഡിൽ ഇതുവരെ റെയിൽവേയ്ക്ക് നഷ്ടമായത് 1,952 ജീവനക്കാരെ
ബറേലി, വാരണാസി, ഗോരഖ്‌പൂർ, അയോധ്യ തുടങ്ങി നാല് സംസ്ഥാനങ്ങളാണ് മുഖ്യമന്ത്രി ഇതുവരെ സന്ദർശിച്ചത്. ഇവിടങ്ങളിലെ ആശുപത്രികൾ സന്ദർശിച്ചും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കണ്ട് കോവിഡ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
സംസ്ഥാന സർക്കാർ സംസ്ഥനത്തിന്റെ ശേഷി വർധിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കോവിഡ് കേസുകൾ വർധിച്ചത് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ക്യാബിനറ്റ് മന്ത്രിയായ സിദ്ധാർഥ് നാഥ് സിങ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
എന്നാൽ മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ ശേഷി വർധിച്ചുവെന്ന് അദ്ദേഹം വാദിച്ചു. 60000 ആരോഗ്യപ്രവർത്തകരെ പരിശീലനം നൽകി നിയമിച്ചെന്നും എല്ലാ സംസ്ഥാനങ്ങൾക്കും വെന്റിലേറ്റർ സൗകര്യങ്ങളും ഉണ്ടെന്നും, 1000 മെട്രിക് ടൺ ഓക്സിജൻ ശനിയാഴ്ച നൽകിയെന്നും എല്ലാ 822 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും 20 ഓക്സിജൻ സിലിണ്ടറുകൾ വീതം നൽകിയെന്നും "ഞങ്ങൾ ഉറങ്ങുകയല്ലെന്നും" സംസ്ഥാന സർക്കാരിന്റെ നേട്ടമായി സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു.
ബിജെപി നേതാക്കൾ എല്ലാം സ്ഥിതി മെച്ചപ്പെടുന്നതായി ഇന്ത്യൻ എക്സ്പ്രസ്സിനോട് പ്രതികരിച്ചപ്പോൾ ബിഎസ്‌പി ലീഡറും സഹരൺപുർ എംപിയുമായ ഫസലുർ റഹ്‌മാൻ യാതൊരു മാറ്റവുമില്ല എന്നാണ് പ്രതികരിച്ചത്. ഇപ്പോഴും ദിവസേന ഓക്സിജൻ സിലിണ്ടറുകളൂം കിടക്കകളും ആവശ്യപ്പെട്ട് 60-70 കോളുകൾ വരാറുണ്ടെന്ന് റഹ്‌മാൻ പറഞ്ഞു. "ഇവിടെ ആകെ രണ്ടുപേരാണ് ഇതിനായി ഓടി നടക്കുന്നത് ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് കമ്മീഷണറും, ഓക്സിജൻ ലഭിക്കാതെ കോവിഡ് ഇതര രോഗികളും മരിക്കുകയാണ്. വാക്സിനേഷനും വേഗത വരുന്നില്ല."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us