സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെട്ടതിന്റെ പേരിൽ നടൻ റിയാസ് ഖാന് മർദനം. ചെന്നെെയിലെ റിയാസ് ഖാന്റെ വീടിനു മുൻപിൽവച്ചാണ് സംഭവം. വീടിനു മുന്നിലൂടെ കൂട്ടം കൂടി പോയ ആളുകളുടെ റിയാസ് ഖാൻ ബോധവത്‌കരിക്കാൻ ശ്രമിക്കുകയായിരുന്നു. വീടിനുമുന്നില്‍വച്ച് പന്ത്രണ്ടംഗസംഘമാണ് റിയാസിനെ ആക്രമിച്ചത്. ആളന്തൂര്‍ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.

കൂട്ടംകൂടി പുറത്തിറങ്ങിയവരെ താൻ പിൻതിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് റിയാസ് ഖാൻ പറഞ്ഞു. സാമൂഹിക അകലം പാലിക്കണമെന്നും നിരോധനാജ്ഞ ഉള്ളതിനാൽ കൂട്ടം കൂടി പോകുന്നത് ശരിയല്ലെന്നും താൻ അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് റിയാസ് ഖാൻ പറയുന്നു.

Read Also: കേരളത്തിനു അഭിമാന ദിവസം; കോവിഡ് ബാധിച്ച എട്ട് വിദേശികളുടെ ജീവൻ രക്ഷിച്ചു

“ഞാൻ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഞാൻ പറയുന്നതൊന്നും അവർ മനസിലാക്കിയില്ല. എന്നോട് തർക്കിക്കാൻ മാത്രമായി അവർ സംസാരിക്കുകയായിരുന്നു. പിന്നീട് എന്റെ മുന്നിലേക്ക് അവർ നടന്നുവന്നു. മുന്നിലേക്ക് വരരുതെന്ന് അവരോട് ഞാൻ പറഞ്ഞു. അവർ മുന്നിലേക്ക് വരുന്നതുകണ്ട് ഞാൻ പിന്നിലേക്ക് നീങ്ങി. അവർ തർക്കിക്കാൻ നിൽക്കുകയായിരുന്നു. തങ്ങൾക്ക് കൊറോണ വെെറസ് രോഗം വരില്ലെന്ന് അവർ പറഞ്ഞു. ആ സംഘത്തിലെ ഒരുത്തൻ എന്നെ ചാടി അടിക്കാൻ വന്നു. തലയ്‌ക്കിട്ട് അടിക്കാനാണ് അവർ നോക്കിയത്. ഞാൻ മാറിയതുകൊണ്ട് ഷോൾഡറിലാണ് അടി കൊണ്ടത്. അപ്പുറത്തെ വീട്ടിൽ നിന്നിരുന്ന ഒരാൾ കണ്ട് അദ്ദേഹമാണ് പൊലീസിനെ വിളിച്ചത്.” റിയാസ് ഖാൻ പറഞ്ഞു.

കോവിഡ് പ്രതിരോധത്തിനായി സാമൂഹിക അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ താരങ്ങൾ രംഗത്തുണ്ട്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം ചേർന്ന് സൂപ്പർ താരങ്ങളടക്കം കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്നുണ്ട്. ഇതിനിടയിലാണ് ഒരു സിനിമാ താരത്തിനു ആളുകളിൽ നിന്ന് മർദനമേറ്റത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook