ന്യൂഡൽഹി: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ആശ്വാസം. തൊഴിലുറപ്പ് കൂലി വർധിപ്പിക്കുന്നതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. തൊഴിലുറപ്പ് കൂലി 202 രൂപയായി വർധിപ്പിച്ചു. നേരത്തെ ഇത് 182 രൂപയായിരുന്നു. ഇതോടെ പ്രതിമാസം 2000 രൂപയുടെ വര്‍ധനയുണ്ടാകും. അഞ്ച് കോടി കുടുംബങ്ങൾ ഇതിന്റെ ഗുണഭോക്താക്കൾ ആകും. അതേസമയം, തൊഴിലുറപ്പ് പദ്ധതിയുടെ ദിവസങ്ങൾ കൂട്ടിയിട്ടില്ല. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തൊഴിലുറപ്പ് ദിനങ്ങൾ വർധിപ്പിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Read Also: കോവിഡ്-19: 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

രാജ്യത്തെ പാവപ്പെട്ടവർക്ക് അടുത്ത മൂന്ന് മാസത്തേക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ സൗജന്യമായി നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന അഞ്ച് കിലോയ്‌ക്ക് പുറമേയാണിത്. രാജ്യത്തെ 80 കോടി പാവപ്പെട്ടവർക്ക് ഇത് പ്രയോജനപ്പെടും. രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും ധനമന്ത്രി പറഞ്ഞു. ഒരു അംഗത്തിനാണ് അഞ്ച് കിലോ അരിയോ ഗോതമ്പോ ലഭിക്കുക. ഇതോടൊപ്പം ഒരു കിലോ ഭക്ഷ്യധാന്യങ്ങളും സൗജന്യമായി നൽകും. ‘പ്രധാനമന്ത്രി കല്യാൺ യോജന’ പദ്ധതി പ്രകാരമാണിത്. ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ധനമന്ത്രി ഇന്നു പ്രഖ്യാപിച്ചത്.

Read Also: കോവിഡ് 19 പാക്കേജ്‌: മൂന്ന് മാസത്തേക്ക് സൗജന്യ ഗ്യാസ് സിലിണ്ടര്‍

കര്‍ഷകര്‍ക്ക് അടിയന്തരമായി 2000 രൂപ വീതം അടുത്തമാസം ഒന്നിന് അക്കൗണ്ടില്‍ എത്തും. വിധവകൾക്കും പ്രായമായവർക്കും ആയിരം രൂപ വീതം നൽകും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അക്ഷീണം പ്രയത്നിക്കുന്ന സർക്കാർ ആശുപത്രികളിലെ ജിവനക്കാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തും. ഒരു ജീവനക്കാരനു 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. ആശ വർക്കർമാരും ഇതിൽ ഉൾപ്പെടും. ജന്‍ധന്‍ അക്കൗണ്ടില്‍ മൂന്നുമാസം 500 രൂപ വീതം വനിതകൾക്കു നല്‍കും. 8 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യും. മൂന്ന് മാസത്തേക്കാണ് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുക. വ്യവസായം ആരംഭിക്കാൻ സ്ത്രീകൾക്കായി 20 ലക്ഷം രൂപ വരെ ലോൺ നൽകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook