ന്യൂഡല്‍ഹി: ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിരീക്ഷണം ശക്തമാക്കാനും പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ചത്. കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ പ്രധാനമന്ത്രി യോഗത്തില്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
“കോവിഡിന് അവസാനമായിട്ടില്ല. നിരീക്ഷണം ശക്തമായി തുടരേണ്ടതുണ്ട്. പ്രത്യേകിച്ചും അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍. ഓക്‌സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ, ജീവനക്കാർ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ആശുപത്രികളില്‍ ഉറപ്പാക്കേണ്ടതുണ്ട്,” പ്രധാനമന്ത്രി വ്യക്തമാക്കി.
രണ്ട് ശതമാനം അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ പരിശോധന നടത്തുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ.
ആഗോള കോവിഡ് സാഹചര്യം സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് വ്യക്തമാക്കിയിരുന്നു. കൂടുതല്‍ ജാഗ്രത വേണമെന്നും മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ലോക്സഭയില്‍ സംസാരിക്കവെ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വിമാനത്താവളങ്ങളില്‍ രാജ്യാന്തര യാത്രക്കാരെ റാന്‍ഡം ടെസ്റ്റിങ് പോലുള്ള നടപടികള്‍ക്കു വിധേയമാക്കുന്നത് ആരംഭിച്ചതായി മന്ത്രി പറഞ്ഞു.
ചൈനയിലെ രോഗവ്യാപനത്തിന് കാരണമായ ഒമിക്രോണ്‍ സബ് വേരിയന്റായ ബിഎഫ്.7 ഇന്ത്യയിലും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഒഡീഷയിലും ഗുജറാത്തിലുമാണ് കേസുകള്‍.
രാജ്യത്ത് വ്യാഴാഴ്ച 185 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സജീവ കേസുകള്‍ 3,402 ആയി കുറയുകയും ചെയ്തു. ഒരു മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ചത്.