ഇന്ത്യയിൽ കോവിഡ് -19 ന്റെ ഒമിക്റോൺ വേരിയന്റുമായി ബന്ധപ്പെട്ട ആദ്യത്തെ മരണം ഇന്ത്യ ബുധനാഴ്ച രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച മരിച്ച രാജസ്ഥാനിലെ ഉദയ്പൂരിൽ ഒരാളുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്.
“സാങ്കേതികമായി ഇത് ഒമിക്റോണുമായി ബന്ധപ്പെട്ട മരണമാണ്. അയാൾ ഒരു വയോധികനായിരുന്നു. മരിച്ച വ്യക്തിക്ക് പ്രമേഹം പോലെയുള്ള അസുഖങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു,” ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
മരിച്ച 73 കാരനായ മനുഷ്യൻറെ ജീനോം സീക്വൻസിംഗിൽ ഒമിക്റോൺ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രണ്ട് തവണ ഇദ്ദേഹത്തിന് അണുബാധ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഡിസംബർ 31 ന് ഉദയ്പൂരിലെ ഒറു ആശുപത്രിയിൽ വച്ചാണ് ഇയാൾ മരണമടഞ്ഞതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കോവിഡിന് ശേഷമുള്ള ന്യൂമോണിയ, പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൈപ്പോതൈറോയിഡിസം എന്നിവ മൂലമാണ് അദ്ദേഹം മരിച്ചതെന്ന് ഉദയ്പൂർ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ ദിനേശ് ഖരാഡി പറഞ്ഞു.
ഡിസംബർ 15 ന് ഇയാൾക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിക്കുകയും പനി, ചുമ, റിനിറ്റിസ് തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
Also Read: കോവിഡ് ഹോം ഐസൊലേഷന് ഏഴു ദിവസം; മാര്ഗരേഖ പുതുക്കി
ഡിസംബർ 25ന് അയച്ച ജീനോം സീക്വൻസിംഗിന്റെ ഫലത്തിൽ ഇയാൾക്ക് ഒമൈക്രോൺ വേരിയന്റ് ബാധിച്ചതായി കണ്ടെത്തി.
അതേസമയം ബുധനാഴ്ച, ഇന്ത്യയുടെ സജീവ കോവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. ഒരു ദിവസം 58,097 കോവിഡ് -19 കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ചു. ഇന്ത്യ ഇതിനകം തന്നെ കോവിഡ് -19 മഹാമാരിയുടെ മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിക്കുന്നുവെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (എൻടിജിഐ) കോവിഡ് വർക്കിംഗ് ഗ്രൂപ്പിന്റെ തലവൻ ഡോ എൻ കെ അറോറയുടെ അഭിപ്രായപ്പെട്ടു.
കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റാണ് കേസുകളുടെ വർദ്ധനവിന് കാരണമായത് – ഇതിൽ ഇന്ത്യയിൽ നിലവിൽ 2,135 കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ കോവിഡ് -19 കേസുകളിൽ 6.3 മടങ്ങ് വർധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഡിസംബർ 29 ലെ 0.79 ശതമാനത്തിൽ നിന്ന് ജനുവരി അഞ്ചിന് 5.03 ശതമാനമായി ടെസ്റ്റ് പോസിറ്റീവിറ്റിയിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായി സർക്കാർ അറിയിച്ചു.
മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, കേരളം, തമിഴ്നാട്, കർണാടക, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ കോവിഡ് -19 കേസുകളുടെ വർദ്ധനവിനെത്തുടർന്ന് ആശങ്കാജനകമായ സംസ്ഥാനങ്ങളായി മാറിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. രാജ്യത്തെ 28 ജില്ലകളിൽ കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.