ന്യൂഡൽഹി: കോവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് രൂക്ഷമായിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിൻ പുരോഗതി ശാസ്ത്രജ്ഞർ വിലയിരുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹി, കേരളം, മഹാരാഷ്ട്ര തുടങ്ങിയ എട്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയത്.

“എല്ലാം ശാസ്ത്രജ്ഞന്മാരുടെ കൈകളിലാണ്. രാജ്യത്തെ ആശുപത്രികള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കി മാറ്റും. ഇതിനായി പിഎം കെയര്‍ ഫണ്ട് ഉപയോഗിക്കും. സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. രാജ്യത്തെ കോവിഡ് മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാകണം. കോവിഡ് വാക്‌സിന്‍ വിതരണം സുതാര്യമായിരിക്കും. എല്ലാ ലോകരാജ്യങ്ങളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏത് രാജ്യത്തിന്റെ വാക്‌സിന്‍ ആദ്യമെത്തുമെന്ന് പറയാനാവില്ല.”

കോവിഡ് വാക്‌സിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. രാജ്യം കോവിഡിനെ മികച്ച രീതിയിലാണ് പ്രതിരോധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

അടുത്ത വർഷം ആദ്യത്തിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ആരോഗ്യപ്രവർത്തകർ ഉൾപ്പെടുന്ന കോവിഡ് മുൻനിര പോരാളികളിൽ ആദ്യ ഡോസ് വാക്സിൻ എത്തിക്കും. അതിനുശേഷമായിരിക്കും മറ്റു വിഭാഗങ്ങളിലേക്ക് വിതരണം ചെയ്യുക. 60 വയസ്സിനു മുകളിലുള്ളവർക്കും മുൻഗണനാടിസ്ഥാനത്തിൽ വാക്സിൻ വിതരണം നടത്തും.

ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ വിതരണം നടത്തുന്നതിന്റെ ഭാഗമായി നടപടിക്രമങ്ങൾ ആരംഭിച്ചു. രാജ്യത്തെ ആകെ സർക്കാർ ആശുപത്രികളിലെ 92 ശതമാനവും സ്വകാര്യ ആശുപത്രികളിലെ 56 ശതമാനവും ഇതിനോടകം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു വിവരങ്ങൾ നൽകിയിട്ടുണ്ട്.

അതേസമയം, ഇന്ത്യയിൽ കോവിഡ് വാക്‌സിൻ വിതരണം ജനുവരിയോടെ സാധ്യമാകുമെന്നാണ് വിലയിരുത്തൽ. ഓക്‌സ്‌ഫഡ് സർവകലാശാലയും അസ്‌ട്രാസെനക്കയും ചേർന്ന് തയ്യാറാക്കുന്ന കോവിഷീൽഡ് ആയിരിക്കും ഇന്ത്യയിൽ ആദ്യമെത്തുക.

പൂണെ സിറം ഇൻസ്റ്റിറ്റ‌്യൂട്ട് ലഭ്യമാക്കുന്ന ഓക്‌സ്‌ഫഡ് വാക്‌സിന്റെ ട്രയൽ റിപ്പോർട്ട് ഡിസംബർ അവസാനം ലഭിക്കും. മൂന്ന് ഘട്ടങ്ങളിലായി നടന്ന വാക്‌സിൻ പരീക്ഷണത്തിൽ 70.4 ശതമാനം സ്ഥിരത പുലർത്തിയെന്നാണ് സിറം ഇൻസ്റ്റിറ്റ‌്യൂട്ട് അവകാശപ്പെടുന്നത്. കോവിഡ് വാക്‌സിൻ ഇന്ത്യയിൽ ഉടൻ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ‌്യൂട്ട് സ്ഥാപകൻ ഡോ.സൈറസ്‌ പൂനെവാല പറഞ്ഞു.

“കോവിഡിനെതിരായ വാക്‌സിൻ ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വാക്‌സിൻ പൊതു വിപണിയിലെത്തിക്കാൻ ആവശ്യമായ അടിയന്തരാനുമതിക്കായി അടുത്ത 45 ദിവസത്തിനുള്ളിൽ ഞങ്ങൾ അപേക്ഷിക്കും,” പൂനെവാല പറഞ്ഞു.

വാക്‌സിൻ ഉപയോഗിച്ച വ്യക്തികളിൽ ഗുരുതര പ്രത്യാഘാതങ്ങളില്ലെന്നും അത്തരം രോഗികളെ ആശുപത്രിയിൽ പ്രവേശിക്കേണ്ട അവസ്ഥ പോലും സംജാതമായിട്ടില്ലെന്നും ഇവർ അവകാശപ്പെടുന്നു.

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം 14 ദിവസമോ അതിൽ കൂടുതലോ ദിവസങ്ങൾക്കുള്ളിൽ സംഭവിക്കുന്ന കോവിഡ് -19 ൽ നിന്ന് സംരക്ഷണം കാണിക്കുന്നതായാണ് ഒരു സ്വതന്ത്ര ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോർഡ് നിർണയിച്ചത്. വാക്‌സിനുമായി ബന്ധപ്പെട്ട ഗുരുതര സുരക്ഷാ സംഭവങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook