ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 42,766 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,206 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.07 കോടിയിലേറെയായി ഉയർന്നു. 3,07,95,716 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ആകെ മരണസംഖ്യ 4,07,145 ആയി.
കഴിഞ്ഞ ദിവസം കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 13,563 പേരിലാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 8992 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ 45,254 പേർ രോഗമുക്തരായി. ഇതുവരെ 2,99,33,538 ആളുകളാണ് രോഗമുക്തരായത്. രോഗമുക്തി നിരക്ക് 97.20 ശതമാനം.
കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,55,033 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ആകെ രോഗബാധിതരിൽ 1.48 ശതമാനം ആളുകളാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ചികിത്സയിലുള്ളത് കേരളത്തിലാണ്. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ കേരളം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയെ മറികടന്നിരുന്നു. കോവിഡ് മൂലം കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും ഈ രണ്ടു സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ 130 പേരും മഹാരാഷ്ട്രയിൽ 747 പേരുമാണ് ഇന്നലെ മരിച്ചത്.
വെള്ളിയാഴ്ച 19,55,225 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 42.90 കോടി കോവിഡ് പരിശോധനകൾ നടത്തി. നിലവിലെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.19 ശതമാനമാണ്.
Read Also: Zika virus- സിക്ക എത്രത്തോളം അപകടകരമാണ്; ലക്ഷണങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം