Latest News

Coronavirus India Highlights: സംസ്ഥാനത്ത് വാക്സിനേഷന്‍ മുന്നോട്ട്; കുത്തിവയ്പെടുത്തത് 1.64 കോടി പേര്‍

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 38,949 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. 542 മരണവും റിപ്പോർട്ട് ചെയ്തു

covid19, coronavirus, covid vaccination, covid vaccination for 18-44 age group, 18-44 age group covid vaccination prority list, covid vaccination kerala, kerala health minister veena george, kerala covid vaccination numbers, ie malayalam

Coronavirus India Highlights: സംസ്ഥാനത്തിന് 4,80,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,96,500 ഡോസും കോഴിക്കോട്ട് 1,34,000 ഡോസുമാണ് ഇന്നെത്തിയത്. കൊച്ചിയില്‍ വ്യാഴാഴ്ച 1,50,000 ഡോസ് വാക്‌സിന്‍ എത്തിയിരുന്നു.

ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ സംസ്ഥാനത്ത് 1.64 കോടി പേരാണ് കോവിഡ് വാക്സിൻ എടുത്ത്. 1.19 കോടി പേർക്ക് ആദ്യ ഡോസ് ലഭിച്ചപ്പോൾ രണ്ടാം ഡോസ് കിട്ടിയത് 45.66 ലക്ഷം പേർക്കാണ്.

അതിനിടെ, പന്ത്രണ്ടു മുതല്‍ പതിനെട്ടു വയസ് വരെയുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇവയ്ക്ക് അനുമതി ലഭിക്കുന്ന മുറയ്ക്ക് വാക്‌സിനേഷനേഷനുള്ള നയം രൂപീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.

കോവിഡിനെതിരെ സൈഡസ് കാഡില വികസിപ്പിക്കുന്ന ഡിഎന്‍എ വാക്‌സിനുകളുടെ 12-18 പ്രായപരിധിയിലുള്ളവരിലെ പരീക്ഷണം പൂര്‍ത്തിയാക്കിയതായി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചിനെ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ അറിയിച്ചു. നിയമപരമായ വ്യവസ്ഥകള്‍ക്കു വിധേയമായി സമീപ ഭാവിയില്‍ വാക്‌സിന്‍ ലഭ്യമാകുമെന്ന് ശര്‍മ കോടതിയെ അറിയിച്ചു.

2-18 വയസ് പ്രായമുള്ളവരില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനു ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായും അദ്ദേഹം കോടതിയെ അറിയിച്ചു.

ഡല്‍ഹിയിലെ കോവിഡ് വാക്‌സിന്‍ ഡ്രൈവില്‍ കുട്ടികളെയും (12-18 വയസ് വിഭാഗത്തില്‍ പെടുന്നവര്‍) അവരുടെ മാതാപിതാക്കളെയും മുന്‍ഗണനാ വിഭാഗമായി ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പന്ത്രണ്ടുകാരി അമ്മ മുഖേനെയും എട്ട് വയസുകള്ള കുട്ടിയുടെ അമ്മയുമാണ് ഹര്‍ജി സമര്‍പ്പിച്ചത്.

കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പിനായി രാജ്യം മുഴുവന്‍ കാത്തിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വിഷയത്തില്‍ കേന്ദ്രത്തിന് കൂടുതല്‍ സമയം അനുവദിച്ച കോടതി, കേസ് സെപ്റ്റംബര്‍ ആറിലേക്കു മാറ്റി.

അതിനിടെ, മൂന്നാം തരംഗത്തിന്റെ സാധ്യതകൾ ഇല്ലാതാകാൻ സ്വയം നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 38,949 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 542 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 3.1 കോടിയായി. 4.12 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡിൽ ജീവൻ നഷ്ടമായത്. 4,30,422 പേരാണ് ചികിത്സയിൽ കഴിയുന്നത്.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പകർച്ചവ്യാധി തടയുന്നതിന് പൊതുജനാരോഗ്യ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാനങ്ങളെ ധരിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

Read Also: കട തുറക്കൽ: മുഖ്യമന്ത്രി വ്യപാരികളുമായി ഇന്ന് ചർച്ച നടത്തും

Live Updates
9:26 (IST) 16 Jul 2021
കേരളത്തിലേയും മഹാരാഷ്ട്രയിലേയും രോഗവ്യാപനത്തില്‍ ആശങ്ക: പ്രധാനമന്ത്രി

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

8:26 (IST) 16 Jul 2021
നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് 8360 കേസുകള്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8360 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1364 പേരാണ്. 2709 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11869 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 87 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

7:43 (IST) 16 Jul 2021
സംസ്ഥാനത്തിന് 4.8 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തിന് 4,80,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,96,500 ഡോസ് വാക്‌സിനും, കോഴിക്കോട് 1,34,000 ഡോസ് വാക്‌സിനുമാണ് ഇന്നെത്തിയത്. ഇതുകൂടാതെ കൊച്ചിയില്‍ വ്യാഴാഴ്ച 1,50,000 ഡോസ് വാക്‌സിന്‍ കൂടി എത്തിയിരുന്നു.

7:08 (IST) 16 Jul 2021
ഡല്‍ഹിയില്‍ ഒരു കോവിഡ് മരണം

ഡല്‍ഹിയില്‍ പുതുതായി 66 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.. ഒരു മരണവും മഹാമാരി മൂലം സംഭവിച്ചതായി ആരോഗ്യ വകുപ്പ്.

6:35 (IST) 16 Jul 2021
വാക്സിന്‍‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ കൂടുതലും ഡെല്‍റ്റ വകഭേദം; ഐ.സി.എം.ആര്‍ പഠനം

പൂനെ: വാക്സിന്‍ സ്വീകരിച്ചതിന് ശേഷം കോവിഡ് പിടിപെട്ടവരില്‍ 89 ശതമാനം പേര്‍ക്കും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്ന് ഔദ്യോഗിക പഠനം. പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഗവേഷണം നടത്തിയത്.

https://malayalam.indianexpress.com/news/breakthrough-infections-show-delta-variant-predominant-532213/

6:10 (IST) 16 Jul 2021
സംസ്ഥാനത്ത് 13,750 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 10.55

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719, പത്തനംതിട്ട 372, വയനാട് 345, ഇടുക്കി 301 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

5:40 (IST) 16 Jul 2021
മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി ) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.

5:19 (IST) 16 Jul 2021
47 ജില്ലകളില്‍ ടി.പി.ആര്‍ 10 ശതമാനത്തിന് മുകളില്‍

12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 47 ജില്ലകളില്‍ രോഗവ്യാപന നിരക്ക് 10 ശതമാനത്തിന് മുകളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജൂലൈ 15 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.

4:43 (IST) 16 Jul 2021
ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും പുനരാരംഭിക്കും

ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും ജൂലൈ 19 തി‌ങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടു വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടത്. പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

3:53 (IST) 16 Jul 2021
കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണം അന്തിമഘട്ടത്തിലെന്ന് കേന്ദ്രം

പതിനെട്ട് വയസിനു താഴെയുള്ളവര്‍ക്കുള്ള കോവിഡ് -19 വാക്സിനേഷന്‍ സംബന്ധിച്ച പരീക്ഷണം അന്തിമഘട്ടത്തിലാണെന്നു കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. കുട്ടികളുടെ വാക്‌സിനേഷനായി, വിദഗ്ധ സമിതി അനുമതി ലഭിക്കുന്ന മുറയ്ക്ക് നയം രൂപീകരിച്ച് നടപ്പാക്കുമെന്നും കേന്ദ്രം അറിയിയിച്ചു.

2:00 (IST) 16 Jul 2021
മൂന്നാം തരംഗത്തിന്റെ സാധ്യതകൾ ഇല്ലാതാകാൻ നടപടി സ്വീകരിക്കണം: മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി

മൂന്നാം തരംഗത്തിന്റെ സാധ്യതകൾ ഇല്ലാതാകാൻ സ്വയം നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. “മൂന്നാം തരംഗ സാധ്യത പറയപ്പെടുന്ന ഒരു അവസരത്തിലാണ് നമ്മൾ ഉള്ളത്, കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ 80 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തത് ഈ ആറ് സംസ്ഥാനങ്ങളിലാണ്” പ്രധാനമന്ത്രി പറഞ്ഞു.

12:23 (IST) 16 Jul 2021
അബുദാബിയിൽ രാത്രി ലോക്ക്ഡൗൺ

അബുദാബിയിൽ തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രാത്രി 12 മുതൽ പുലർച്ചെ 5 മണിവരെയാണ് ലോക്ക്ഡൗൺ. ബലിപെരുന്നാൾ അവധി ആരംഭിക്കുന്ന തിങ്കളാഴ്ച മുതലാണ് ലോക്ക്ഡൗൺ.

11:06 (IST) 16 Jul 2021
മണിപ്പൂരിൽ 10 ദിവസത്തേക്ക് പൂർണ കർഫ്യു

ഡെൽറ്റ വകഭേദം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ കർഫ്യു പ്രഖ്യാപിച്ചു. ജൂലൈ 18 മുതൽ പത്തു ദിവസത്തേക്കാണ് കർഫ്യു

10:27 (IST) 16 Jul 2021
കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും

കോവിഡ് സ്ഥിതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

10:02 (IST) 16 Jul 2021
കട തുറക്കൽ: മുഖ്യമന്ത്രി വ്യപാരികളുമായി ഇന്ന് ചർച്ച നടത്തും

സംസ്ഥാനത്തെ കടകൾ എല്ലാ ദിവസവും തുറക്കാൻ അനുമതി വേണം എന്ന ആവശ്യവുമായി വ്യാപാര വ്യവസായി ഏകോപന സമിതി ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ഇന്ന് രാവിലെ 10 മണിക്കാണ് ചർച്ച. മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം തുടർന്ന് നടപടികൾ ആലോചിക്കുന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സെക്രട്രിയേറ്റ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും.

Web Title: Covid india coronavirus kerala live updates july 16

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com