ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് -19 രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ തീവ്രമല്ലാത്തതും ലക്ഷണങ്ങളില്ലാത്തതുമായ കേസുകളുടെ ഹോം ഐസൊലേഷന്‍ സംബന്ധിച്ച മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുതുക്കി. ഇത്തരം കേസുകളില്‍ ഏഴു ദിവസമാണു ഹോം ഐസൊലേഷന്‍.
” ടെസ്റ്റ് പോസിറ്റീവായി ഏഴു ദിവസമെങ്കിലും ഹോം ഐസൊലേഷനിൽ കഴിഞ്ഞ, തുടര്‍ച്ചയായ മൂന്നു ദിവസം പനിയില്ലാത്ത രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുകയും ഐസൊലേഷന്‍ അവസാനിപ്പിക്കുകയും ചെയ്യാം. ഇത്തരം രോഗികള്‍ മാസ്ക് ധരിക്കുന്നത് തുടരണം. ഹോം ഐസൊലേഷന്‍ അവസാനിച്ചശേഷം വീണ്ടും പരിശോധനയുടെ ആവശ്യമില്ല,” ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഇന്നു പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.
രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന രോഗലക്ഷണമില്ലാത്തവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല. ഇത്തരം ആളുകള്‍ ഹോം ക്വാറന്റൈനില്‍ ആരോഗ്യം നിരീക്ഷിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
”രണ്ടു വര്‍ഷമായി, ആഗോളതലത്തിലും ഇന്ത്യയിലും കാണുന്ന ഭൂരിഭാഗം കോവിഡ് കേസുകളും ലക്ഷണങ്ങളില്ലാത്തതോ അല്ലെങ്കില്‍ വളരെ നേരിയ ലക്ഷണങ്ങളുതോ ആണ്. സാധാരണയായി കുറഞ്ഞ ഇടപെടലുകളിലൂടെ രോഗമുക്തി നേടുന്ന ഇത്തരം കേസുകള്‍ ശരിയായ ചികിത്സാ മാര്ഗനിര്ദേശത്തിലുടെയും നിരീക്ഷണത്തിലുൂടെയും വീട്ടില്‍ തന്നെ കൈകാര്യം ചെയ്യാം,” പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചുകൊണ്ട് മന്ത്രാലയം പറഞ്ഞു.
‘മുറിയിലെ വായുവില്‍ 93 ശതമാനത്തിലധികം ഓക്സിജന്‍ സാച്ചുറേഷനുള്ളതും ഒരുതരത്തിലുള്ള രോഗലക്ഷണങ്ങളൊന്നുമില്ലാത്തതുമായ ലബോറട്ടറിയില്‍ സ്ഥിരീകരിച്ച കേസുകള്‍’ എന്നാണ് മാര്‍ഗരേഖ ലക്ഷണങ്ങളില്ലാത്ത കേസുകളെ നിര്‍വചിച്ചിരിക്കുന്നത്.
Also Read: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടന്നു; ഒമിക്രോൺ ബാധിതരുടെ എണ്ണം 2,135 ആയി
‘പനിയോടോ അല്ലാതെയോ ഉള്ള ശ്വസനസംബന്ധമായ ലക്ഷണങ്ങളുള്ളതും ശ്വാസതടമില്ലാത്തതും മുറിയിലെ വായുവില്‍ 93 ശതാനത്തിലധികം ഓക്സിജന്‍ സാച്ചുറേഷനുള്ളതുമായ രോഗികളെയാണു ‘ക്ലിനിക്കലി അസൈന്‍ഡ് തീവ്രമല്ലാത്ത കേസുകള്‍’ എന്ന് നിര്‍വചിച്ചിരിക്കുന്നത്
തീവ്രമല്ലാത്തത്/ലക്ഷണങ്ങള്‍ ഇല്ലാത്തത് എന്നു ചികിത്സിക്കുന്ന മെഡിക്കല്‍ ഓഫീസര്‍ നിര്‍ണയിക്കുന്ന രോഗിക്കാണു ഹോം ഐസൊലേഷനില്‍ കഴിയാന്‍ ‘അര്‍ഹത’യെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു.
പരിശോധന, ക്ലിനിക്കല്‍ മാനേജ്മെന്റ്, ആവശ്യമെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍ എന്നീ കാര്യങ്ങളില്‍ അനുയോജ്യമായ മാര്‍ഗനിര്‍ദേശം ലഭിക്കാന്‍ രോഗിയുടെ കുടുംബത്തിന് ജില്ലാ/ ഉപജില്ലാ തലത്തില്‍ നിയുക്ത കണ്ട്രോള് റൂം നമ്പര്‍ നല്‍കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
രോഗികള്‍ ആരോഗ്യം സ്വയം നിരീക്ഷിച്ച് എഴുതി സൂക്ഷിക്കേണ്ടതുണ്ട്. ഈ ചാര്‍ട്ടില്‍ തിയതിയും സമയം, താപനില, ഹൃദയമിടിപ്പ് നില (പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച്); ഓക്സിജന്‍ നില (പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച്), തോന്നല്‍ (മികച്ചത്/സമാനം/മോശം); ശ്വസനം (മികച്ചത്/സമാനം/മോശം) എന്നിവ രേധപ്പെടുത്തണം. ഹോം ഐസൊലേഷനില്‍ കഴിയുന്ന എല്ലാ കേസുകളും ജില്ലാ ഭരണകൂടം ദിവസവും നിരീക്ഷിക്കണമെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു.
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 58,097 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 534 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 15,389 പേര് രോഗമുക്തി നേടി. സജീവകേസുകളുടെ എണ്ണം രണ്ടു ലക്ഷം കടന്നു. 2,14,004 പേരാണു ചികിത്സയിലുള്ളത്. അതേസമയം, ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും 2,135 ആയി ഉയര്‍ന്നു.