ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ നാലു ദിവസമായി കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ കേന്ദ്രം. 6 സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളും 9 പ്രധാന നഗര പ്രദേശങ്ങളിൽ ഒമിക്രോൺ കേസുകളും അതിവേഗം ഉയരുകയാണ്. പ്രതിവാര കേസുകളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും കണക്കിലെടുത്ത് മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ ഉയരുന്നത്.
കഴിഞ്ഞ ഒരാഴ്ചത്തെ (ഡിസംബർ 22-28) കണക്കുകൾ അനുസരിച്ച് മുംബൈ, പൂനെ, താനെ, ബെംഗളൂരു, ചെന്നൈ, മുംബൈ, ഗുഡ്ഗാവ്, അഹമ്മദാബാദ്, നാസിക് എന്നീ ഒൻപതു നഗരങ്ങളിലാണ് കോവിഡ് കേസുകൾ കൂടുന്നത്. മുംബൈയിൽ ഈ കാലയളവിൽ 2,044 കേസുകളിൽനിന്നും 6,787 കേസുകളായി ഉയർന്നു.
അതിനിടെ, രാജ്യത്ത് ‘ആർ വാല്യു’ (റീ പ്രൊഡക്ഷൻ നമ്പർ) 1.22 ആയി. ആർ വാല്യു ഒന്നിനു മുകളിലാകുന്നതു വൈറസ് വ്യാപിക്കുന്നതിന്റെ സൂചനയാണ്. വൈറസ് പിടിപെട്ട 10 പേരിൽ ശരാശരി എത്ര പേർക്ക് കോവിഡ് പകരുമെന്നതാണ് ആർ വാല്യുവിലൂടെ കണക്കാക്കുന്നത്. ഒരാളിൽനിന്ന് 1.22 ആൾക്ക് എന്ന തോതിലാണ് ഇപ്പോൾ വൈറസിന്റെ വ്യാപനമെന്നാണ് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
അതേസമയം, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നിതി ആയോഗ് അംഗം ഡോ. വി.കെ.പോൾ പറഞ്ഞത്. കൂടുതൽ വാക്സിൻ നൽകിയും മറ്റു മുന്നൊരുക്കങ്ങൾ നടത്തിയും രാജ്യം തയ്യാറെടുപ്പിലാണ്. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ശരിയായ രീതിയിൽ മാസ്ക് ധരിക്കുകയും വേണം. ആഗോളതലത്തിൽ കേസുകൾ ഉയരുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടത്തെയും വർധധനവെന്ന് അദ്ദേഹം പറഞ്ഞു.
Read More: ഒമിക്രോൺ ബാധിച്ചവർക്ക് ഡെൽറ്റ വകഭേദത്തിനെതിരെ പ്രതിരോധ ശേഷി ലഭിക്കുമെന്ന് പഠനം