ന്യൂഡല്‍ഹി: രാജ്യത്ത് 2023 ജനുവരിയോടെ കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായേക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ തരംഗങ്ങളിലെ പാറ്റേണുകള്‍ പരിശോധിച്ച ശേഷമാണ് നിരീക്ഷണം. എന്നാല്‍ മരണനിരക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടാന്‍ സാധ്യതയില്ല. നിലവില്‍ ചൈനയിലും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്.
“കഴിഞ്ഞ മൂന്ന് തരംഗങ്ങളില്‍ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കേസുകളില്‍ വര്‍ധനവ് ഉണ്ടായതിന് 10 ദിവസത്തിന് ശേഷമാണ് യൂറോപ്പിലേക്ക് എത്തിയത്. മറ്റൊരു പത്ത് ദിവസത്തിനുള്ളില്‍ അമേരിക്കയിലും കോവിഡ് കൂടിയ 30-35 ദിവസങ്ങള്‍ക്കുള്ളിലാണ് ഇന്ത്യയിലേക്ക് വ്യാപനം എത്തുന്നത്. അതിനാല്‍ ജനുവരിയില്‍ കടുത്ത ജാഗ്രത ആവശ്യമാണ്,” ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിലവില്‍ രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണ്. 188 കേസുകള്‍ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള പരിശോധന വീണ്ടും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഏകദേശം 6,000 യാത്രക്കാരെ പരിശോധിച്ചു. ഇതില്‍ 39 പേരാണ് പോസിറ്റീവായത്. എന്നാല്‍ യാത്ര നിരോധനം ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ കേന്ദ്രം തയാറായിട്ടില്ല.
“ഇപ്പോള്‍ ജാഗ്രതയും തയാറെടുപ്പുമാണ് ആവശ്യം. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്ര ഒഴിവാക്കേണ്ടതില്ല. ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, തായിലന്‍ഡ്, സിംഗപ്പൂര്, ഹോങ് കോങ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. മാസ്ക് നിര്‍ബന്ധമാക്കില്ല, പക്ഷെ മാസ്ക് വയ്ക്കാന്‍ പ്രേരിപ്പിക്കും,” മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ചൈനയിലെ വ്യാപനത്തിന് പിന്നിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒമിക്‌റോൺ സബ്-വേരിയന്റ് ബിഎഫ് 7-നെ വേർതിരിച്ചിട്ടുണ്ട്, അതിനെതിരായി വാക്സിനുകളുടെ ഫലപ്രാപ്തി പരിശോധിക്കും. മറ്റ് കോവിഡ് വകഭേദങ്ങൾക്കെതിരെ നടത്തിയ സമാനമായ പരിശോധനകളില്‍ വാക്സിനുകൾ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.